കോണ്‍സുലേറ്റ് പാഴ്‌സലില്‍ വന്നത് മതഗ്രന്ഥമല്ല, ജലീലിന് കുരുക്ക് മുറുകുന്നു- മറ്റൊരു മന്ത്രിയും നിരീക്ഷണത്തില്‍

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി ജലീല്‍ ദുരൂഹമായ ബന്ധം പുലര്‍ത്തിയിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് കസ്റ്റംസ് കേന്ദ്രത്തിന് അയച്ചു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. മാതൃഭൂമിയാണ് മന്ത്രിക്കെതിരെയുള്ള കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ആന്‍ ആണെന്നാണ് ജലീല്‍ പറയുന്നത്. എന്നാല്‍, കസ്റ്റംസ് കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ട് ഇത് സാധൂകരിക്കുന്നതല്ല. ‘എന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല’- ഇങ്ങനെയാണ് റിപ്പോര്‍ട്ടിലുള്ളത്.

വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടു.

ജലീലിനെ കൂടാതെ സംസ്ഥാനത്തെ മറ്റൊരു മന്ത്രിയും യു.എ.ഇ കോണ്‍സുലേറ്റിലേക്ക് നടത്തിയ സന്ദര്‍ശവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഈ മന്ത്രിയുമായി പരിചയമുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഒരു പ്രതി മൊഴി നല്‍കിയിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗം സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക് ഷോപ്പിന് രണ്ടു ഘട്ടമായി ഏഴുലക്ഷം രൂപ നിക്ഷേപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, കേസില്‍ കസ്റ്റഡിയിലുള്ള സ്വപ്‌നയുടെയും മറ്റു പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. പ്രതികളായ പി.എസ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ എല്ലാം ഇപ്പോള്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ്.

SHARE