പാലക്കാട്: സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണത്തിനിടെ ഏതാനും ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതില്‍ വിമര്‍ശനം രേഖപ്പെടുത്തി വിടി ബല്‍റാം എംഎല്‍എ. കേസ് ശിവശങ്കറില്‍ അവസാനിപ്പിച്ച് അതിനപ്പുറത്തേക്ക് കടക്കാതിരിക്കാനുള്ള സിപിഎം ബിജെപി ഒത്തുതീര്‍പ്പാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കസ്റ്റംസ് അന്വേഷണ സംഘത്തെ പൊളിച്ച തീരുമാനത്തില്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയാന്‍ ബിജെപി ബാധ്യസ്ഥരാണ്. സ്വര്‍ണക്കടത്ത് അന്വേഷണങ്ങളെ താളം തെറ്റിക്കാനുള്ള അവിശുദ്ധ നാടകങ്ങളും രാഷ്ട്രീയ ചരടുവലികളും നടക്കുന്നുണ്ടെന്ന് തുടക്കം മുതലേ സംശയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആ സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് കസ്റ്റംസ് അന്വേഷണ സംഘത്തെ പൊളിച്ചു പണിയാനുള്ള ഈ നീക്കം-ബല്‍റാം പറഞ്ഞു.
സംഭവത്തില്‍ ബിജെപിക്ക് താല്പര്യമുള്ള ചില സ്വര്ണക്കടക്കാരിലേക്ക് അന്വേഷണം നീട്ടേണ്ടി വരുമോ എന്ന ഭയമാണോ ഈ അട്ടിമറിയുടെ പിന്നിലെന്നും ബല്‍റാം ചോദിച്ചു.
സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരെയാണ് കസ്റ്റംസ് തിരിച്ചുവിളിച്ചിരിക്കുന്നത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ഡെപ്യുട്ടേഷനില്‍ കസ്റ്റംസിലേക്ക് പോയ ഉദ്യോഗസ്ഥരെ കാലാവധി കഴിഞ്ഞതോടെയാണ് തിരിച്ചുവിളിക്കുന്നതെന്നാണ് ഇതിനു നല്കുന്ന വിശദീകരണം. ഉദ്യോഗസ്ഥരെ മാറ്റുന്നതില്‍ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. തിരിച്ചുവിളിക്കുന്നവര്‍ക്ക് പകരമായി എട്ട് ഉദ്യോഗസ്ഥരെ പ്രിവന്റീവ് വിഭാഗത്തിലേക്ക് നിയമിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാനനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചും ഭൂസ്വത്ത് സംബന്ധിച്ചും കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.