നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്.പിയെ സംരക്ഷിക്കാന്‍ സി.പി.എം ശ്രമം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം. ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിറക്കി. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് വാര്‍ത്താകുറിപ്പ്.
ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മേല്‍പ്പറഞ്ഞ ഉദ്യഗസ്ഥര്‍ രാജ്കുമാറിനെ അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ചുവെന്നാണ് ജില്ലയിലെ സിപിഎം നിലപാട്.

ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തിയായി എസ്പി പ്രവര്‍ത്തിച്ചുവെന്ന ആരോപണം നിലനില്‍ക്കേയാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്.
അതേസമയം കേസില്‍ നിര്‍ണായകമായേക്കാവുന്ന നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്.


സിസിടിവിയില്‍ പെടാതിരിക്കാനുള്ള മനപൂര്‍വമായ ശ്രമമോ സാങ്കേതിക തകരാറോ ആയേക്കാം ഇതിന് കാരണമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. അതേസമയം ജയിലിലും കസ്റ്റഡിയിലും രാജ്കുമാറിന് നിയമപരമായ വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.