ജയരാജ്-ബെന്നിസ് സംഭവത്തിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം

ചെന്നൈ: രാജ്യവ്യാപകമായ പ്രതിക്ഷേധങ്ങള്‍ കാരണമായ തൂത്തുകുടിയിലെ ജയരാജിന്റെയും മകന്‍ ബെന്നിസ് ഫെനിസിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കസ്റ്റഡിയിലിരിക്കെ ശാരീരിക പീഡനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ വെച്ചു മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ 25 കാരനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് 15 ദിവസത്തിനകം മരിച്ചത്. സംഭവത്തില്‍ തമിഴിനാട്ടില്‍ പ്രതിഷേധം ഉയരുകയാണ്.

ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെങ്കാശി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച എന്‍ കുമാരേസനാണ് ആന്തരികാവയവങ്ങളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. യുവാവിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്ററ്റഡിയിലെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് കുമാരേഷന്‍ വീട്ടില്‍ തിരിച്ചെത്തിതെന്നും അധികം സംസാരിക്കാതിരുന്ന 25 കാരന്‍ പിന്നീട് രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും കുടുംബം പറഞ്ഞു. തുടര്‍ന്ന് സുരണ്ടായിലെ ആശുപത്രിയിലേക്കും അവിടുന്ന് പിന്നീട് തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനുള്ളില്‍ നിന്ന് പോലീസുകാര്‍ നടത്തിയ കൊടുംക്രൂരതയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കുമാരേസന്റെ വൃക്കയ്ക്കും കരളിനും കേടുപാടുകള്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും സംസാരിക്കരുതെന്ന് പോലീസുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പിതാവിനെ ഉപദ്രവിക്കുമെന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയതെന്ന് കുടുംബം പ്രതികരിച്ചു.

Read More: തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മരിച്ച സംഭവം; നേരിട്ടത് ക്രൂരമര്‍ദ്ദനം

കുമാരേസന്റെ മരണശേഷം ഇന്നലെ വൈകുന്നേരം ബന്ധുക്കള്‍ നീതി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. സംഭവക്കില്‍ ഐപിസി സെക്ഷന്‍ 174 (3) പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.