തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മരിച്ച സംഭവം; നേരിട്ടത് ക്രൂരമര്‍ദ്ദനം-പ്രതിഷേധം കനക്കുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് കസറ്റഡിയില്‍ ഇരിക്കെ തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടിവ്യവസായി പി.ജയരാജ് (63) നും തൂത്തുക്കുടിയില്‍ മൊബൈല്‍ കട നടത്തുന്ന മകൻ ഫെനിക്സ് (31) മാണ് കൊല്ലപ്പെട്ടത്.

ഇരുവരും കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന് ശേഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇവരുടെ നീതിക്കുവേണ്ടി രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്.

നിരപരാധികളായ ഇവര്‍ക്ക് പൊലീസ് കസറ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമാണ് നേരിട്ടതെന്നും ഇരുവരുടേയും സ്വകാര്യഭാഗങ്ങളിലടക്കം കമ്പിയും ലാത്തിയും കയറ്റി വികലമായ രീതിയില്‍ പോലും ഇവരെ പൊലീസ് ആക്രമിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷവും ഇവര്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി പിതാവും ചൊവ്വാഴ്ച രാവിലെയോടെ മകനും ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ലോക്ക്ഡൗൺ ഇളവ് അനുസരിച്ചുള്ള സമയപരിധിയായ രാത്രി 9മണി കഴിഞ്ഞിട്ടും തടിക്കട തുറന്നു പ്രവർത്തിച്ചു എന്നാരോപിച്ചാണ് ജയരാജനെ 19ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരം അറിഞ്ഞ മകൻ ഫെനിക്സ് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് റിമാൻഡ് ചെയ്തു.
തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പാളയംകോട്ടൈ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി ഐസലേഷൻ നടപടിക്കായി കോവിൽപെട്ടി സബ്‌ജയിലിൽ എത്തിച്ചു. രാത്രി മുതൽ രാവിലെ വരെ ഇരുവരെയും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ഫെനിക്സിനെ കോവിൽപെട്ടി സർക്കാർ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചു.

കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട ജയരാജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെ ഇയാളും മരിച്ചു. അച്ഛനെ മർദ്ദിക്കുന്നത് തടഞ്ഞപ്പോഴാണ് ഫെനിക്സിനും മർദ്ദനമേറ്റതെന്നും രണ്ടാളും തറയിലൂടെ ഉരുണ്ടതിനാലാണ്​ ആന്തരിക പരിക്കുകൾ ഉണ്ടായതെന്നുമാണ്​ എഫ്​.ഐ.ആറിൽ പറയുന്നത്​. പൊലീസുകാരെ അസഭ്യം പറഞ്ഞെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആരോപിച്ച് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ബുധനാഴ്​ച പോസ്​റ്റ്​മോർട്ടം നടത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറായില്ല. ഇരുവരുടെയും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം.

രാത്രി പതിനൊന്ന് മണിയോടെ ഇരുവരേയും സ്റ്റേഷനില്‍ പൂട്ടിയിട്ടെന്നും തുടര്‍ന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായും പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അവരെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷേ അവര്‍ കേട്ടില്ലെന്നും 200 ഓളം വലിയ ദണ്ഡുകളാണ് അവിടെയുണ്ടായിരുന്നതെന്നും ഇയാള്‍ പറഞ്ഞു.

ആശുപത്രിയിലെത്തിച്ച ബെന്നിക്സിന്റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. നിരവധി തവണയാണ് വസ്ത്രം മാറ്റേണ്ടി വന്നത്. വലിയ രക്തസ്രാവമാണ് ഉണ്ടായത് എന്ന് അഭിഭാഷകനായ രവിചന്ദ്രന്‍ പറഞ്ഞു.

ഇവര്‍ക്കെതിരെ സെക്ഷന്‍ 188, 383 , 503 എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. ശനിയാഴ്ചയാണ് ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് പത്ത് മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെടുന്നത്. ആന്തരിക രക്തസ്രാവമാണ് ബെനിക്സിന്റെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ജയരാജ് മരണപ്പെടുന്നത്.

ഇരുവരുടേയും മരണത്തിന് പിന്നാലെ വലിയ പ്രതിഷേധവമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

മരണത്തിന് ഉത്തരവാദികളായ 13 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൂത്തുക്കുടിയിലെ വ്യാപാരികളടക്കം കഴിഞ്ഞ ദിവസം കടകളടച്ച് സാത്തൻകുളം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തി. കർശന നടപടി വേണമെന്ന് തൂത്തൂക്കുടി എം.പി കനിമൊഴിയും ആവശ്യപ്പെട്ടു.