കുസാറ്റില്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ചുവീഴ്ത്തി തലക്കടിച്ചു; എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

പരിക്കേറ്റ ആസില്‍ അബുബക്കര്‍ ആസ്പത്രിയില്‍

കളമശ്ശേരി: കുസാറ്റിലെ ഹോസ്റ്റല്‍വാര്‍ഷികത്തോടനുബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. സംഭവം സംബന്ധിച്ച് എസ്.എഫ് ഐ നേതാക്കള്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കളമശ്ശേരി പോലിസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ബിടെക് നാലാം സെമസ്റ്റര്‍ ഇന്‍സ്ട്രമെന്റ് വിദ്യാര്‍ത്ഥി ആസില്‍ അബുബക്കര്‍ (21) നെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ.യുണിറ്റ് ഭാരവാഹികളായ രാഹുല്‍ പേരാളം, പ്രജിത്ത് കെ.ബാബു, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി കളമശ്ശേരി സി.ഐ.പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കുസാറ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ വാര്‍ഷികം നടന്നിരുന്നു. ഇതോടനുബന്ധിച്ച് ജുനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതിനിടെയാണ് ഞായറാഴ്ച രാത്രി 11.30 ഓടെ സുഹൃത്തിനെ കൊണ്ട് വരുന്നതിന് ആസില്‍ ബൈക്കുമായി കുസാറ്റ് ജംഗ്ഷനിലെത്തിയത്. ഈ സമയം കാറിലെത്തിയ രാഹുലും, പ്രജിത്തും, മറ്റൊരാളും കൂടി ബൈക്ക് ഇടിച്ചിട്ട് ആസിലിനെ കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ആസിലിനെ കുസാറ്റിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ആസ്പത്രിയില്‍ എത്തിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ 2017ല്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച കേസില്‍ ക്യാമ്പസില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിയാണ് പ്രതികളിലൊരാളായ പ്രജിത്ത്. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ കുസാറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.