അമിത് ഷാക്കും മകനുമെതിരെ വീണ്ടും അഴിമതിയാരോപണം

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും മകന്‍ ജയ് ഷാക്കുമെതിരെ വീണ്ടും അഴിമതിയാരോപണം. വന്‍ തുക വായ്പ നേടാനായി ജയ് ഷായുടെ കമ്പനി ലാഭം കൂട്ടിക്കാണിച്ചുവെന്നാണ് ആരോപണം. ജയ് ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി എന്ന കമ്പനി തിരിച്ചടവ് ശേഷി കൂട്ടിക്കാണിക്കാന്‍ ലാഭത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കാരവന്‍ മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജയ് ഷായുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ടെമ്പിള്‍ എന്റര്‍ പ്രൈസസും സമാനമായ രീതിയില്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ ഇടപാടുകളില്‍ അമിത് ഷായും പങ്കാളിയാണ്. കമ്പനിയില്‍ അമിത് ഷാക്കുള്ള പങ്കാളിത്തം മറച്ചുവെച്ചാണ് 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

2016 മുതല്‍ അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ് ഷായുടെ കമ്പനി വായ്പയെടുത്തത്. കമ്പനിയുടെ ക്രെഡിറ്റ് 2017ല്‍ 300 ശതമാനത്തിലേക്കുയര്‍ന്നു. പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയോളം രൂപയാണ്. ഇത്ര ചെറിയ ആസ്തിയുള്ള കമ്പനിക്ക് എങ്ങനെ ഇത്രവലിയ വായ്പ ലഭിച്ചെന്നാണ് കാരവന്‍ ചോദിക്കുന്നത്.

SHARE