പൂനെ: രവീന്ദു ജഡേജ തന്റെ ആദ്യ പന്തില്‍ തന്നെ വിരാത് കോലിയെ പുറത്താക്കുന്നു. ഹര്ഭജന് സിംഗ് ആദ്യ പന്തില്‍ എ.ബി ഡിവില്ലിയേഴ്സിനെ മടക്കി അയക്കുന്നു-ഞെട്ടിക്കുന്ന ഈ രംഗങ്ങള്‍ കണ്ട് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകര്‍ ഞെട്ടിയപ്പോല്‍ ഒരാള്‍ മാത്രം മന്ദഹസിച്ചു-വിക്കറ്റിന് പിറകില്‍ മഹേന്ദ്രസിംഗ് ധോണി. ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം മഹിയും സംഘവും ആഘോഷമാക്കിയപ്പോള്‍ കോലിപ്പട പുറത്തേക്കാണ്. ഇനി രക്ഷയില്ല.
മന്ദഗതിയില്‍ പ്രതികരിച്ച പിച്ചിനെ പ്രയോജനപ്പെടുത്തിയാണ് സ്പിന്‍ മാജിക്കിലൂടെ ജഡേജയും ഹര്‍ഭജനും ബാംഗ്ലൂരിന്റെ പുകള്‍പെറ്റ ബാറ്റിംഗ് നിരയെ തരിപ്പണമാക്കിയത്. 18 റണ്‍സ് മാത്രം നല്കി മൂന്ന് വിക്കറ്റും പിറകെ മാന്‍ ഓഫ് ദ മാച്ച് പട്ടവും നേടിയ ധോണിയുടെ ഇഷ്ട പയ്യന്‍സ് രവീന്ദു ജേഡയുടെ സ്പിന്നില്‍ പകച്ച ബാംഗ്ലൂര്‍ ടീം ആകെ നേടിയത് 127 റണ്‍സാണ്. മഹിയുടെ സൂപ്പര്‍ ബാറ്റിംഗ് സംഘത്തിന് ഈ സ്ക്കോര്‍ ഇരയേ ആയിരുന്നില്ല. പതുക്കെ കളിച്ച് 12 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി.
As @ChennaiIPL climb to the top of the #VIVOIPL points table, yet another fan rushes to meet his idol @msdhoni. #CSKvRCB #VIVOIPL pic.twitter.com/p14RVjGFs9
— IndianPremierLeague (@IPL) May 5, 2018
ഈ ഐ.പി.എല്‍ ഇത് വരെ ജഡേജക്ക് സുന്ദര ഓര്‍മകള്‍ സമ്മാനിച്ചിരുന്നില്ല. റണ്‍സ് നേടാന്‍ കഴിയുന്നില്ല. വിക്കറ്റ് നേടാന്‍ കഴിയുന്നില്ല. എല്ലാത്തിനുമുപരിയായി വിശ്വസ്തനായ ഫീല്‍ഡറായ ജഡേജയുടെ കൈകള്‍ പലവട്ടം ചോര്‍ന്നു. അവസാന മല്‍സരത്തില്‍ രണ്ട് അനായാസ ക്യാച്ചുകള്‍ യുവതാരം നിലത്തിട്ടതോടെ പലരും തലയില്‍ കൈവെച്ചു. പക്ഷേ ഇന്നലെ ജഡേജയുടെ ദിവസമായിരുന്നു. പൊടി നിറഞ്ഞ പിച്ചില്‍ അദ്ദേഹത്തിന്റെ ഇടം കൈയ്യന്‍ സ്പിന്‍ ബാറ്റ്സ്മാന്മാരെ കറക്കി. സ്പിന്നിനെ മനോഹരമായി കളിക്കുന്ന കോലിയെ ആം ബോളില്‍ പുറത്താക്കിയപ്പോള്‍ മന്ദീപ് സിംഗിന്റെ സ്വീപ്പ് ഷോട്ട് സ്ക്വയര്‍ ലെഗ്ഗില്‍ പിടിക്കപ്പെട്ടു. ബാംഗ്ലൂര്‍ ഇന്നിംഗ്സിലെ ടോപ് സ്ക്കോററായ പാര്‍ത്ഥീവ് പട്ടേലിന്റെ ഷോട്ട് ബലൂണ്‍ കണക്കെ പൊന്തിയപ്പോള്‍ ജഡേജക്ക് തന്നെ എളുപ്പത്തിലുള്ള ക്യാച്ചായി. ഹര്ഭജന് തന്റെ വലം കൈ ആയുധമാക്കി. ഡി വില്ലിയേഴ്സിനെ പോലെ ഒരാളെ പെട്ടെന്ന് പുറത്താക്കി. വൈറല്‍ ഫീവറിന് ശേഷം തിരിച്ചുവന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കാരന്. ബാംഗ്ലൂര്‍ സംഘത്തില്‍ ഒരാള്‍ മാത്രമാണ് കാണികളുടെ പ്രതീക്ഷ കാത്തത്ത്- പാര്‍ത്ഥീവ് പട്ടേല്‍.
Innings Break!
Some fine bowling spells by the @ChennaiIPL bowlers restrict the #RCB to a total of 127/9 in 20 overs.#CSKvRCB #VIVOIPL pic.twitter.com/PnMwbwdu9m
— IndianPremierLeague (@IPL) May 5, 2018
ഇപ്പോഴും കൊച്ചു കുട്ടികളുടെ ഭാവ പ്രകടനങ്ങളുമായി മൈതാനം നിറയുന്ന ഓപ്പണര്‍ പവര്‍ പ്ലേയില്‍ മൂന്ന് കനമുള്ള ബൗണ്ടറികളും രണ്ട് സിക്സറുകളും പായിച്ചു. 41 പന്തില്‍ നിന്ന് 53 റണ്‍സുമായി അദ്ദേഹമാണ് ടീമിന്റെ മാനം കാത്തത്. രണ്ടക്കം തികച്ച മറ്റൊരു ബാറ്റ്സ്മാന് 26 പന്തില്‍ 36 റണ്‍സ് നേടിയ വാലറ്റക്കാരന് ടീം സൗത്തിയായിരുന്നു. ബ്രെന്‍ഡന്‍ മക്കലത്തിന്റെ ഇന്നിംഗ്സ് അഞ്ചില്‍ നിയന്ത്രിക്കപ്പെട്ടു.
ചെന്നൈക്ക് മറുപടി എളുപ്പമായിരുന്നു. വാട്ട്സണ് 11 ല്‍ പുറത്തായെങ്കിലും റായിഡുവും (32), സുരേഷ് റൈനയും (25) ഭദ്രമായി കളിച്ചു. ഫിനിഷിംഗ് ടച്ചില്‍ മഹി 23 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ബ്രാവോ മഹിക്ക് കൂട്ട് നല്കി. മലയാളി സീമര്‍ കെ.എം ആസിഫിന് ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല.