ന്യൂഡല്‍ഹി: അസംസ്കൃത എണ്ണയുടെ വില പൂജ്യം ഡോളറിനും താഴേക്കു പോയി എന്ന വാര്‍ത്ത കേട്ടാണ് ചൊവ്വാഴ്ചയിലെ ഇന്ത്യന്‍ വിപണി ഉണര്‍ന്നത്. വില നെഗറ്റീവാണ് എന്നതിന്റെ അര്‍ത്ഥം വില്ക്കുന്നവര് വാങ്ങുന്നവര്‍ക്ക് പണം കൊടുത്ത് എണ്ണ കൊണ്ടു പോകാന്‍ ആവശ്യപ്പെടുന്നു എന്നാണ്. സൂക്ഷിപ്പ് വില (സ്റ്റോറേജ് കോസ്റ്റ്) ഒഴിവാക്കാനാണ് കമ്പനികള്‍ ഏതുവിധേയനയും എണ്ണ വില്‍പ്പന നടത്തുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആഗോള തലത്തില്‍ തന്നെ എണ്ണയുടെ ആവശ്യം അതി ഭീതിതമായ രീതിയില്‍ ഇടിഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
നെഗറ്റീവിലേക്ക് പോയ വില
യു.എസ് ബഞ്ച്മാര്‍ക്ക് അസംസ്കൃത എണ്ണയായ വെസ്റ്റ് ടെക്സാസ് ഇന്റര്‍ മീഡിയേറ്റ് (ഡബ്യൂ ടി ഐ) തിങ്കളാഴ്ച ബാരല്‍ ഒന്നിന് മൈനസ് 37.63 ഡോളറിനാണ് വിറ്റത്. വെള്ളിയാഴ്ച ഇത് 18.27 ഡോളറായിരുന്നു. ഇവിടെ നിന്നാണ് വില നെഗറ്റീവിലേക്ക് പോയത്.
2019ന്റെ അവസാനത്തില്‍ ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ തുടര്‍ച്ചയായി എണ്ണ വില താഴോട്ടാണ്. മഹാമാരിയെ നേരിടാന്‍ പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകള്‍ അടച്ചു പൂട്ടിയതും യാത്രകള്‍ ഇല്ലാതായതുമാണ് എണ്ണ വിപണിയെ ബാധിച്ചത്. എന്നാല്‍ എണ്ണക്കമ്പനികള്‍ ഉല്‍പ്പാദനം നിര്‍ത്താതെ തുടരുകയും ചെയ്തു. ഡിമാന്‍ഡ് കാല്‍നൂറ്റാണ്ടിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് പോയ സാഹചര്യത്തിലും എണ്ണയുല്‍പ്പാദനം നിര്ത്താഞ്ഞതു മൂലം ക്രൂഡ് ഓയില്‍ ആവശ്യത്തിലേറെയാകുകയും ചെയ്തു.
നിലവില്‍ എണ്ണക്കമ്പനികളുടെ സൂക്ഷിപ്പുസൗകര്യങ്ങള് നിറഞ്ഞിരിക്കുകയാണ്. അതു കൊണ്ടു തന്നെ ക്രൂഡ് ഓയില്‍ വിറ്റൊഴിവാക്കേണ്ടത് അവരുടെ ആവശ്യമാണ്. തിങ്കളാഴ്ച ഏകദേശം നല്‍പ്പത് ഡോളര്‍ അങ്ങോട്ട് കൊടുത്താണ് കമ്പനികള്‍ ഇവ വിറ്റൊഴിവാക്കിയത്.
ഇന്ത്യയെ എങ്ങനെ ബാധിക്കും
വിലയിടിവിന്റെ ഗുണം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കിട്ടണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കനിയണം. ക്രൂഡ് ഓയില്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള ചെലവ്, ഡോളറുമായുള്ള വിനിമയ നിരക്ക്, സംസ്കരണച്ചെലവ്, കടത്തു കൂലി, ഡീലര്‍ കമ്മിഷന്, കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നികുതി എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ വിപണിയില്‍ മാറ്റങ്ങള്‍ക്ക് സാദ്ധ്യതയില്ല.

ലോക്ഡൗണ്‍ മൂലം നികുതി വിഹിതത്തില്‍ ഉണ്ടായ കുറവ് പരിഹരിക്കാന്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും സന്നദ്ധമാകുകയുമില്ല. ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഉപഭോക്താക്കള്‍ നല്കുന്ന പകുതിയിലേറെ പണം നികുതിയാണ് എന്നതാണ് വസ്തുത.
അതേസമയം, എണ്ണക്കമ്പനികള്‍ക്കു കുറഞ്ഞ വിലയില്‍ എണ്ണ സൂക്ഷിച്ചു വയ്ക്കാന്‍ ഇക്കാലത്താകും. അത് വലിയ വിലയില്‍ പിന്നീട് വില്ക്കാനുമാകും.
വെറുതെ കിട്ടിയാലും 50 രൂപ!
ഇന്ത്യയില്‍ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്റര്‍ ഒന്നിന് 22.98 രൂപയാണ്. ഡീസലിന് 18.83 രൂപയും. പതിനഞ്ചു രൂപയിലേറെ വാറ്റ്. ഡീലര്‍ കമ്മിഷന് നാലു രൂപയും ചരക്കു കടത്തു കൂലി ആറു രൂപയും. ക്രൂഡ് ഓയില്‍ വെറുതെ കിട്ടിയാലും ഏകദേശം അമ്പത് രൂപ കൊടുക്കണം എന്നര്‍ത്ഥം. ദക്ഷിണേഷ്യയില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയ രാജ്യമാണ് ഇന്ത്യ.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ തൊട്ടുമുമ്പ്, 2014 ഏപ്രില്‍ ഒന്നിന് ബ്രാന്‍ഡഡ് അല്ലാത്ത ഒരു ലിറ്റര്‍ ഡീസലിന് 3.56 രൂപയായിരുന്നു നികുതി. ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന് 9.48 രൂപയും. അതിനു ശേഷമുള്ള മൂന്നു വര്‍ഷത്തില്‍ മാത്രം 11 തവണയാണ് നികുതി പുതുക്കിയത്. സ്വന്തം ആവശ്യത്തിനായി സിംഹഭാഗം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ദിനം പ്രതി 4.7 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയ്ക്ക് വേണ്ടത്. പതിവര്‍ഷം 1.7 ബില്യണ്‍ ബാരലും.