കശ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി

ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി 10 ന് കശ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്പിലായിരുന്നു സംഭവം. വാക്കേറ്റത്തെ തുടര്‍ന്ന് അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അജിത് കുമാര്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. ഗുരുതര പരിക്കേറ്റ അജിത് കുമാറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെപ്പില്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി പൊകാര്‍മല്‍, ഡല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാന രെവാരി സ്വദേശി ഉമേദ് സിംഗ് എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയാണ് അജിത് കുമാര്‍.