ജീവനക്കാര്‍ക്ക് കോവിഡ്: ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫിനും ബസ് ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു. ലോധി റോഡിലെ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഓഫീസ് സമുച്ചയത്തിലുള്ള അഞ്ചുനിലക്കെട്ടിടമാണ് അടച്ചത്.

സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കാണ് കൊറോണബാധിച്ചത്. ഇതേ തുടര്‍ന്ന് കെട്ടിടം സീല്‍ ചെയ്തിരിക്കുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു.ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ കോവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം 135 ആയി. അസം സ്വദേശിയായ ജവാന്‍ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചതിനുപിന്നാലെയാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമായ സി.ആര്‍.പി.എഫില്‍ 3.25 ലക്ഷം സൈനികരാണ് ഉള്ളത്.

SHARE