മുംബൈ: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടു ലക്ഷത്തോളം എത്തിയിട്ടും രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന പ്രതികരണമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും പുറത്തുവരുന്നത്. കൊവിഡ് പ്രതിസന്ധി അതിന്റെ പാരമ്യത്തിലേക്കുയര്‍ന്നിട്ട് ആഴ്ചകള്‍ കടന്നിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധിയിലൂടെയും കടുത്ത ആശങ്കയിലുടേയും മുന്നോട്ടു പോകുന്ന രാജ്യത്ത് ജനങ്ങള്‍ കൊവിഡ് രോഗത്തിനുള്ള ജീവന്‍ രക്ഷാമരുന്നിനായി കരിഞ്ചന്തയില്‍ അലയുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോവിഡ് വ്യാപനത്തിനിടെ ലാഭം ലക്ഷ്യം വെച്ച് പതഞ്ജലിയടക്കം നിരവധി കുത്തക കമ്പനികള്‍ വ്യാജമരുന്നുമായി രംഗത്തെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. അതേസമയം കൊവിഡ് രോഗത്തിനുള്ള ജീവന്‍ രക്ഷാമരുന്നെന്ന പേരില്‍ കരിഞ്ചന്തയില്‍ എത്തിയ മരുന്നിനായി ആളുകള്‍ കൂട്ടംകൂടുന്ന വാര്‍ത്തകളാണ് രോഗം ഏറ്റവും കൂടുതല്‍ വ്യാപിച്ച മുംബൈയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്.
കോവിഡിന് ജീവന്‍ രക്ഷാമരുന്നെന്ന പേരില്‍ ടോസിലിസുമാബ് എന്ന മരുന്നാണ് കരിഞ്ചന്തയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നത്. പുലര്‍ച്ചെ മുതല്‍ ഈ മരുന്ന് വാങ്ങുന്നതിന് വേണ്ടി നിരവധിയാളുകളാണ് പല ഏജന്‍സികളുടേയും മുന്നില്‍ നില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് ടോസിലിസുമാബ് ഉപയോഗിക്കുന്നതിലൂടെ രോഗശാന്തി ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് മരുന്നിന് ആവശ്യക്കാര്‍ ഏറിയത്. എന്നാല്‍, ഇത് കൊവിഡിന്റെ മരുന്നായി പ്രഖ്യാപിച്ചിട്ടില്ല. ഐഎല്‍ 6 ആന്റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സ നടത്താമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ തീരുമാനിച്ചത്. ഈ മരുന്നുപയോഗിച്ചുള്ള ചികിത്സയില്‍ രോഗം ഭേദമായത് നാഴികക്കല്ലാണ് എന്നാണ് വിലയിരുത്തല്‍.

കൊവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കളാണ് മരുന്നിനായി അര്‍ദ്ധരാത്രിയിലും വരി നില്‍ക്കുന്നത്. 12 മുതല്‍ 14 മണിക്കൂര്‍ വരെ ആളുകള്‍ മരുന്നിനായി വരി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്ത് കോവിഡ് വ്യാപിക്കുമ്പോള്‍ ആവശ്യ മരുന്നിന് വലിയ ക്ഷാമമാണ് നേരിടുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഇറക്കുുമതി ചെയ്യുന്ന മരുന്ന് ആവശ്യക്കാരുടെ 15 ശതമാനം മാത്രം ആളുകള്‍ക്കാണ് വിതരണം ചെയ്യാന്‍ സാധിക്കുന്നത് എന്ന് വിതരണക്കാരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. മരുന്നിന് ആവശ്യക്കാര്‍ ഉയര്‍ന്നതോടെ ആളുകള്‍ വന്‍വിലകൊടുത്തും കരിഞ്ചന്തയില്‍ നിന്ന് വാങ്ങാന്‍ തയ്യാറാവുകയാണ്.
അതേസമയം, കരിഞ്ചന്തയിലെ മരുന്നുവിപണി വലിയ അപകടത്തിലെത്തിക്കുമെന്ന സൂചനയുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. കൊവിഡ് ചികിത്സയ്ക്ക് മാത്രമായി ആശുപത്രികള്‍ ഉള്ളപ്പോള്‍ ആളുകള്‍ എന്തിനാണ് ഇത്തരത്തില്‍ മരുന്നിനായി ഓടിനക്കുന്നതെന്നും ഡോക്ടര്‍മാര്‍ ചോദിക്കുന്നു. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലെ മരുന്നു വിപണിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ആരോഗ്യ വിദഗ്ധര്‍ ഉയര്‍ത്തിയിട്ടുണ്ട്. മരുന്നുകള്‍ ഇത്തരത്തില്‍ കരിഞ്ചന്തകളില്‍ വില്‍ക്കുന്നത് മഹാമാരിയെ ഉയര്‍ത്തുന്നതിനാണ് സഹായിക്കുക എന്നും മുന്നറിയിപ്പു നല്‍കി റിപ്പോര്‍ട്ടുകള്‍.