ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ ആസൂത്രണ വംശഹത്യയില്‍ ഒരു പൊലീസുകാരനടക്കം മരണം നാല്‍പതോളമായിരിക്കെ ബിജെപി ഭരണകൂടത്തിനും ക്രമസമാധാനം ഉറപ്പുവരുത്തേണ്ട അഭ്യന്തര മന്ത്രി അമിത് ഷാക്കും ഡല്‍ഹി പൊലീസിനുമെതിരെ വിമര്‍ശനം കനക്കുന്നു.
39 പേര് കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. പരിക്കേറ്റ നിരവധി പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
നാലു ദിവസത്തോളം രാജ്യ തലസ്ഥാനത്തെ അക്രമികള്‍ കത്തിച്ചപ്പോള്‍ നോക്കിനിന്ന അധികാരികള്‍ക്കെതിരെ അന്താരാഷ്ട്ര മേഖലയില്‍ നിന്നുംപോലും വിമര്‍ശനം ഉയരുന്നുണ്ട്. ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണങ്ങളില്‍ പോലിസിന്റെ പങ്ക് വെളിപ്പെടുത്തി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തില്‍ ദൃക്സാക്ഷികളായ ആളുകളെ ഉദ്ധരിച്ചുകൊണ്ടുള്ള ലേഖിക ജോന്ന സ്ലേറ്ററിന്റെ റിപോര്‍ട്ടിലാണ് സംഘര്‍ഷങ്ങളില്‍ പോലിസിന്റെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. പോലിസ് പലയിടങ്ങളിലും ഇടപെടാന്‍ മടിച്ചുനിന്നെങ്കില് ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളില്‍ നേരിട്ടു തന്നെ പങ്കെടുത്തു. കലാപം നടക്കുമ്പോള്‍ പോലിസ് വളരെ സാവധാനത്തിലാണ് പ്രതികരിച്ചത്. ചില പോലിസുകാര്‍ സംഘപരിവാര്‍ സംഘങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അവരെ തല്ലിച്ചതച്ചു. ചില പ്രദേശങ്ങളില്‍ പോലിസ് വിവേചനരഹിതമായി വെടിവെച്ചന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
കലാപത്തിന് ആഹ്വാനം നടത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തില്ലെന്നും ഉത്തര്‍പ്രദേശിലെ മുന്‍ സീനിയര്‍ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പത്രം ഭരണകക്ഷിയായ ബിജെപിയുടെ പങ്കിനെ വെളിപ്പെടുത്തുന്നുണ്ട്. ഡല്‍ഹി പൊലിസിനെതിരേ നിലപാടെടുത്ത ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അര്‍ദ്ധ രാത്രിയില്‍ സ്ഥലം മാറ്റിയ ഭരണകൂട നടപടിയെയും പത്രം വിമര്‍ശന വിധേയമാക്കുന്നുണ്ട്. ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച ഡല്‍ഹി പോലിസുകാര്‍ക്കെതിരേ ഇതുവരെ നടപടിയെടുത്തില്ലെന്ന കാര്യവും റിപ്പോര്‍ട്ടു ഓര്‍മപ്പെടുത്തുന്നു.
ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ട്. സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ 6 തവണ മുന്നറിയിപ്പു നല്‍കിയെന്നാണു വിവരം.
അതേസമയം, രഹസ്യാന്വേഷണ വിഭാഗം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട സമയത്ത് ഇടപെട്ട് കലാപം തടയുന്നതില്‍ ഡല്‍ഹി പൊലീസ് ദയനീയമായി പരാജയപ്പെട്ടതായ റിപ്പോര്‍ട്ടും പുറത്തായി. ഞായറാഴ്ച ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ആറു തവണയാണ് സ്പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വയര്‍ലെസ് സന്ദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത് വടക്ക് കിഴക്കന്‍ ജില്ലയിലെ പൊലീസ് വൃത്തങ്ങള്‍ക്ക് കൈമാറിയത്. വടക്കു കിഴക്കന്‍ ഡല്‍ഹി ഡിസിപി വേദ്പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു മിശ്രയുടെ പ്രസംഗം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വയര്‍ലെസ് സന്ദേശം അയച്ചിരുന്നു.
അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടിറസ് അതീവ ദുഃഖിതനെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് റിപ്പോര്‍ട്ട് ചെയ്തു.
അക്രമ സംഭവങ്ങളില്‍നിന്ന് വിട്ടു നില്‍ക്കാനും സമാധാനം വീണ്ടെടുക്കാനും എല്ലാവരും ശ്രമിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അനുവദിക്കണം.
സുരക്ഷാ സൈനികര്‍ സംയമനം പാലിക്കണം. ജനകീയ പ്രക്ഷോഭങ്ങളോടുള്ള യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്ഥായിയായ നിലപാടാണിതെന്നും സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് യു.എന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ത്യയിലെ സംഭവങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന പരാമര്‍ശവുമായി യു.എന്‍ മനുഷ്യാവകാശ കമ്മീഷന് തലവന്‍ മിഷേല്‍ ബാഷ്ലറ്റ് രംഗത്തെത്തി. ബഹുവിധ സമൂഹം ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യയില്‍ ഉടലെടുത്തിട്ടുള്ള സാഹചര്യം മതേതര പാരമ്പര്യത്തെ തകര്‍ക്കുന്നതാണ്. മുസ്്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂുനപക്ഷങ്ങള്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും പൊലീസിന്റെ നിഷ്ക്രിയത്വവും സ്ഥിതിഗതികള്‍ വഷളാക്കുകയാണെന്നും ബാഷ്ലറ്റ് കൂട്ടിച്ചേര്‍ത്തു. മുസ്്ലിം കൂട്ടക്കൊലയാണ് ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് ആരോപിച്ചു.
ഡല്‍ഹിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ അപലപിച്ച് ഓര്ഗനൈസേഷന് ഓഫ് ഇസ്്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി).
നിഷ്കളങ്കരായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയും പള്ളികളും മുസ്്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഒ.ഐ.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നീചമായ കുറ്റകൃത്യങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും ഇന്ത്യ ഉറപ്പാക്കണം.
കുറ്റവാളികളെ എത്രയും വേഗത്തില്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും നീതി നടപ്പാക്കുകയും വേണം.
മുസ്്ലിംകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ഇ ന്ത്യാ ഗവണ്മെന്റ് നടപടി സ്വീകരിക്കണമെന്നും ഒ. ഐ.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യയില്‍ മുസ്്ലിംകള്‍ക്കെതിരെ കലാപം നടക്കുന്നുവെന്ന ഒ.ഐ.സി പരാമര്‍ശം രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.
വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഒ.ഐ.സി വാദം. ഡല്‍ഹിയില്‍ സാധാരണ നില വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.