ഡിബാലയുടെ ഗോള്‍ ‘തടഞ്ഞിട്ട്’ റൊണാള്‍ഡോ;നഷ്ടമായത് ഒന്നാം സ്ഥാനം

സാസ്സുവോളക്കെതിരെ ഇന്നലെ നടന്ന സീരി എ മത്സരത്തില്‍ യുവന്റസിന്റെ സമനിലക്കപ്പുറത്ത് ചര്‍ച്ചയാകുന്നത് ഡിബാല നേടുമായിരുന്ന വിജയഗോള്‍ റൊണാള്‍ഡോ അവിചാരിതമായി തടഞ്ഞിട്ടതിനെക്കുറിച്ചാണ്.മത്സരത്തില്‍ സമനില വഴങ്ങിയതോടെ ഇറ്റാലിയന്‍ ലീഗിലെ ഒന്നാം സ്ഥാനം നിലവിലെ ചാമ്പ്യന്മാര്‍ക്ക് നഷ്ടമായി. പോയിന്റ് ടേബിളില്‍ തൊട്ടു പിന്നിലുണ്ടായിരുന്ന ഇന്റര്‍ മിലാന്‍ വിജയം നേടിയതോടെയാണ് കിരീടപ്പോരാട്ടത്തില്‍ യുവന്റസ് രണ്ടാം സ്ഥാനത്തേക്കു വീണത്. സാസുവോളക്കെതിരെ റൊണാള്‍ഡോയും ബൊനൂച്ചിയുമാണ് യുവന്റസിന്റെ ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ എഴുപതാം മിനുട്ടിലാണ് സംഭവം അരങ്ങേറിയത്. ഗോണ്‍സാലോ ഹിഗ്വയിന്‍ നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച ഡിബാല ഒറ്റ ടച്ചില്‍ ഒരു പ്രതിരോധ താരത്തെ മറികടന്ന് ഗോളിലേക്കു ഷോട്ടുതിര്‍ത്തു. എന്നാല്‍ ഗോളാവാന്‍ സാധ്യതയുണ്ടായിരുന്ന ഷോട്ട് പോസ്റ്റിനു മുന്നില്‍ നിന്നിരുന്ന റൊണാള്‍ഡോയുടെ കാലില്‍ തട്ടി തെറിച്ചു പോയി. ഡിബാലയുടെ കനത്ത ഷോട്ട് വന്നപ്പോള്‍ മാറാനുള്ള സമയം റൊണാള്‍ഡോക്ക് ലഭിച്ചിക്കാത്തതാണ് കാര്യമെങ്കിലും ഇതോടെ യുവന്റസിന് നഷ്ടമായത് മൂന്നു പോയിന്റുകളാണ്.
മത്സരത്തില്‍ ഒരു സമയത്ത് 2-1ന് പിന്നില്‍ നിന്ന ശേഷമാണ് യുവന്റസ് സമനില നേടിയത്. പെനാല്‍ട്ടിയിലൂടെ റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ സമനില ഗോള്‍ നേടിയത്.

SHARE