നികുതി വെട്ടിപ്പ്: ക്രിസ്റ്റ്യാനോ ജയിലിലേക്ക്

മാഡ്രിഡ് : ടാക്‌സ് വെട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ജയിലിലേക്കോ…? ടാക്‌സ് വെട്ടിപ്പു നടത്തിയെന്നാരോപിച്ച്
പോര്‍ച്ചുഗീസ് താരത്തെ ജയിലിലടക്കണമെന്ന് സ്പാനിഷ് ടാക്‌സ് ഏജന്‍സിയുടെ കുറ്റകൃത്യ വിഭാഗം തലവന്‍ ഗോമസ് മൗറേലോ സ്പാനിഷ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഏകദേശം 13 ദശലക്ഷം പൗണ്ടിന്റെ നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ അന്വേഷണം നേരിടുകയാണ് റൊണാള്‍ഡോ. 2011 മുതല്‍ 2014 വരെയുള്ള കാലയളവിലായാണ് നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വെട്ടിപ്പ് നടത്തിയതായി ടാക്‌സ് ഏജന്‍സിയുടെ വാദം. നേരത്തെ ഡിസംബര്‍ ഏഴിന് ഇതുമായി ബന്ധപ്പെട്ട് സ്പാനിഷ് കോടതി റൊണാള്‍ഡോയുടെ വാദം കേട്ടിരുന്നു.സ്പാനിഷ് മാധ്യമമായ എല്‍ മുണ്ടോയാണ് റയല്‍ മാഡ്രിഡ് താരത്തെ ജയിലിലടക്കണമെന്ന മൗറേലയുടെ അഭ്യര്‍ത്ഥന പുറത്തു വിട്ടത്. സ്‌പെയിനില്‍ ഒരു ലക്ഷം പൗണ്ട് വെട്ടിച്ചവര്‍ ജയിലില്‍ കഴിയുമ്പോള്‍ റൊണാള്‍ഡോ പുറത്തിറങ്ങി നടക്കുന്നത് നീതികരിക്കാനാവില്ലെന്നും മൗറലോ വാദിച്ചു.

 

നിവലില്‍ ഔദ്യോഗികമായി ക്രിസ്റ്റ്യാനോയുടെ പേരില്‍ കുറ്റം ചുമത്തപ്പെടാത്തതു കാരണം പ്രാഥമികാന്വേഷണത്തിനു ശേഷം താരം കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാത്രമേ മജിസ്‌ട്രേറ്റ് കേസില്‍ നടപടി സ്വീകരിക്കൂ.

ബാര്‍സലോണയുടെ സൂപ്പര്‍താരം ലയണല്‍മെസ്സി, മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ ജോസ് മൗറിഞ്ഞോ തുടങ്ങി പ്രമുഖര്‍ സ്‌പെയനില്‍ നികുതി വെട്ടിപ്പുവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. നേരത്തെ കേസില്‍ ക്ലബിന്റെ ഭാഗത്തു നിന്നു കാര്യമായ പിന്തുണ ലഭിക്കുന്നില്ല എന്നാരോപിച്ച് റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പരക്കെ വാര്‍ത്ത പരന്നിരുന്നു. അതേസമയം ഗോമസ് മൗറേലോയുടെ ആരോപണത്തിന് ക്രിസ്റ്റ്യാനോയും റയല്‍ മാഡ്രിഡും ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് തെളീക്കപ്പെട്ടാല്‍ താരത്തിന്റെ കരയറിന് വലിയ തിരിച്ചടിയാവും. അഞ്ചാം തവണയും ഫിഫ ലോകഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്തോടെ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ റൊണാള്‍ഡോ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.