ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം: ക്രിസ്റ്റ്യാനോ റയലില്‍ തുടരും

മാഡ്രിഡ്: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് പാരീസ് സെന്റ് ജര്‍മെയ്‌നിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. 2021 വരെ റയല്‍ മാഡ്രിഡുമായി കരാറുള്ള റൊണാള്‍ഡോ താന്‍ ക്ലബ്ബിനൊപ്പം തുടരുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. റയലിന് വേണ്ടി കൂടുതല്‍ കപ്പുകള്‍ സ്വന്തമാക്കുകയാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയുടെ ടീമായ റയല്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം നാല് കിരീടങ്ങളാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ പ്രകടനം വീണ്ടും ആവര്‍ത്തിക്കാനാവുകയാണെങ്കില്‍ അതാണ് വലുതെന്നും താന്‍ റയലിനൊപ്പം ഉണ്ടാകുമെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

cr7

കഴിഞ്ഞ നവംബറിലാണ് റൊണാള്‍ഡോ റയലുമായുള്ള കരാര്‍ പുതുക്കിയത്. 2016-17ലെ ഫോബ്‌സ് മാസികയുടെ പട്ടിക അനുസരിച്ച് ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമാണ് റൊണോ. 623.77 കോടിയാണ് റൊണാള്‍ഡോയുടെ പ്രതിഫലം. റൊണാള്‍ഡോ പാരീസ് സെന്റ് ജര്‍മയ്ന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളിലൊന്നിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമായതിനു പിന്നാലെ റൊണാള്‍ഡോ അവധി ആഘോഷിക്കുകയാണെന്നും ആഗസ്റ്റ്് അഞ്ചിന് ടീമിനൊപ്പം ചേരുമെന്നും കോച്ച് സിനഡിന്‍ സിദാന്‍ അറിയിച്ചിരുന്നു.