വായുവില്‍ പാറിപറന്ന് ക്രിസ്റ്റിയാനോയുടെ മാന്ത്രിക ഗോള്‍

ഗുരുത്വാകര്‍ഷണം ആ മനുഷ്യന് മുന്നില്‍ തലക്കുനിക്കുന്നു. ലോകത്തെ ഞെട്ടിച്ച് വീണ്ടും മാന്ത്രിക ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സാംപോറിയയ്‌ക്കെതിരെ യുവന്റസിന് 2-1 ന്റെ വിജയം നല്‍കിയതിനപ്പുറത്തേക്ക് പ്രായം തന്റെ പോരാട്ടവീര്യത്തെ തളര്‍ത്തിയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍.

അലക്‌സ് സാന്‍ഡ്രോ നല്‍കിയ ലൂപ്പിംഗ് ക്രോസിനെ അവിശ്വസനീയമായ ഹെഡറിലൂടെ റൊണാള്‍ഡോ വലയിലെത്തിക്കുകയായിരുന്നു. ‘ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. മൂന്ന് പോയിന്റുകള്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷം റൊണാള്‍ഡോ പറഞ്ഞു. ഈ സീസണില്‍ ഫോമിലേക്ക് ക്രിസ്റ്റിയാനോക്ക് ഉയരാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം രൂക്ഷമായ സമയത്താണ് മിന്നും ഗോളിലൂടെ വിമര്‍ശകര്‍ക്കുള്ള മറുപടി അദ്ദേഹം നല്‍കിയത്.

മത്സരത്തിന്റെ 19ാം മിനിറ്റില്‍ പോളാ ഡിബാലയിലൂടെ മുന്നിലെത്തിയ യുവന്റസിനെതിരെ ജിയാന്‍ ലൂക്കയിലൂടെ സാപോറിയ മറുപടി നല്‍കിയെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ക്രിസ്റ്റിയാനോ നേടിയ ഗോളില്‍ യുവന്റസ് വിജയിക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായി സീരി എ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഒരു മത്സരം കുറവ് കളിച്ച ഇന്റര്‍ മിലാനാണ് 39 പോയിന്റുമായി തൊട്ടുപിറകില്‍.

SHARE