റിസോര്‍ട്ട് ജീവനക്കാര്‍ക്ക് 16 ലക്ഷം രൂപ ടിപ്പ് നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ആരാധകരെ സന്തോഷിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ് പോര്‍ച്യുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവൃത്തികള്‍. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളേകുന്നതിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്നിട്ടുമുണ്ട് അദ്ദേഹം. തന്നെ കാണാന്‍ വരുന്നവരെ വെറും കയ്യോടെ മടക്കി വിടാത്ത പ്രകൃതക്കാരനാണ് അദ്ദേഹം. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ ഒരു ഹോട്ടല്‍ ജീവനക്കാരനു നല്‍കിയ ടിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

ഹോട്ടല്‍ ജീവനക്കാരന് ടിപ്പ് നല്‍കിയത് എത്രയാണെന്നോ? 17,850 പൗണ്ട് (ഏകദേശം 16 ലക്ഷം രൂപ). റഷ്യന്‍ ലോകകപ്പിനു ശേഷം കാമുകി ജോര്‍ജിനയും കുടുംബത്തിനുമൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് റൊണാള്‍ഡോ ഹോട്ടല്‍ ജീവനക്കാരനെ ഞെട്ടിച്ചത്.

ഗ്രീസിലെ കോസ്റ്റ നവറീനോ റിസോര്‍ട്ടിലായിരുന്നു റൊണാള്‍ഡോയുടെയുടെ കുടുംബത്തിന്റെയും അവധി ആഘോഷം. രണ്ടാഴ്ചത്തോളം റിസോര്‍ട്ടില്‍ അവധി ചെലവഴിച്ച റൊണാള്‍ഡോക്ക് അവിടുത്തെ സൗകര്യങ്ങളും ഭക്ഷണരീതിയും ജീവനക്കാരുടെ സേവനങ്ങളും ഏറെ ഇഷ്ടപ്പെട്ടു. റിസോര്‍ട്ടിലെ ജീവനക്കാരുടെ സ്വീകരണവും പെരുമാറ്റവും തന്നെ ഏറെ ആകര്‍ഷിച്ചതായി ക്രിസ്റ്റിയാനോ പറഞ്ഞു. ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ റിസോര്‍ട്ട് മാനേജറെ വിളിച്ച് ടിപ്പ് കൈമാറുകയായിരുന്നു.

ജീവനക്കാര്‍ക്കെല്ലാം തുക വീതിച്ചു നല്‍കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം മടങ്ങുകയായിരുന്നു.
ഗ്രീസിലെ മിസ്സിസിനയിലാണ് കോസ്റ്റ നവറീനോ റിസോര്‍ട്ട്. റിസോര്‍ട്ടിനുള്ളില്‍ രണ്ട് ആഢംബര ഹോട്ടലുകളുണ്ട്. ഈ റിസോര്‍ട്ടിന്റെ കിഴക്കു ഭാഗത്തു കൂടി നോക്കിയാല്‍ മെഡിറ്ററേനിയന്‍ സമുദ്രവും കാണാനാകും.
845 കോടി രൂപക്കാണ് ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റിസിലെത്തിയത്. ഉറുഗ്വയോട് 2-1ന് പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പോര്‍ച്യുഗല്‍ പുറത്തായതിനു പിന്നാലെയാണ് റൊണാള്‍ഡോ ഗ്രീസിലെത്തിയത്.

SHARE