കൊറോണയെ പൊരുതി തോല്‍പ്പിക്കാന്‍ റൊണാള്‍ഡോ; സി.ആര്‍ 7 ഹോട്ടലുകള്‍ ആസ്പത്രിയാകുന്നു

ഫുട്‌ബോളിലെ സൂപ്പര്‍താരം എന്ന പദവി പോലെ മാതൃകാപരമായ തീരുമാനങ്ങള്‍ക്കൊണ്ട് ലോകത്തെ അതിശയിപ്പിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസുകാരന്‍. ഇപ്പോഴിതാ ലോകം കോവിഡ്19 ആശങ്കയില്‍ നില്‍ക്കെ മാതൃകാപരമായ ഒരു തീരുമാനം കൊണ്ട് ലോകത്തിനു തന്നെ പ്രിയങ്കരനാകുകയാണ് താരം.

റോണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സി.ആര്‍ 7 ഹോട്ടലുകളെല്ലാം കോവിഡ്19ന് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ആസ്പത്രികളാക്കി മാറ്റുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമം മാര്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇവ ഉപയോഗപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ ഭാഗമായി ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശമ്പളമടക്കമുള്ള ചിലവുകളെല്ലാം വഹിക്കുന്നതും റൊണാള്‍ഡോയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇതിനിടെ സ്പാനിഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി പോര്‍ച്ചുഗീസ് മാധ്യമപ്രവര്‍ത്തകന്‍ ഫിലിപ്പ് കാന്റാനോ ഞായറാഴ്ച രംഗത്തെത്തിയിരുന്നു.നേരത്തെ കോവിഡ്19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരാധകരോടും ജനങ്ങളോടും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പലിക്കണമെന്ന് അഭ്യര്‍ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.അതേസമയം യുവെന്റസിലെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ റൊണാള്‍ഡോ അടക്കമുള്ള യുവെ താരങ്ങളും ജീവനക്കാരുമെല്ലാം സ്വയം നിരീക്ഷണത്തിലാണ്. റൊണാള്‍ഡോ സ്വന്തം നാടായ മെദീരയില്‍ ക്വാറന്റൈനിലാണ്.

SHARE