മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ഏത് കളിക്കാരനും പകരക്കാരനെ ഇറക്കേണ്ടി വരുമെന്ന് യുവന്റസ് കോച്ച് മൗറീസിയോ സാറി. തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫൈനല്‍ വിസിലിനുമുമ്പ് സ്‌റ്റേഡിയം വിട്ടതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്രിസ്റ്റ്യാനോയുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ടീമംഗങ്ങളുമായി ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും സാറി പ്രതികരിച്ചു. കാല്‍മുട്ടിന് വേദനയുണ്ടായിട്ടും കളിക്കാന്‍ സമ്മതിച്ചതിന് കോച്ച് ക്രിസ്റ്റ്യാനോയോട് നന്ദി പറഞ്ഞു.ഇറ്റാലിയന്‍ സീരി എയില്‍ എ.സി. മിലാനെതിരായ മത്സരത്തിന്റെ 55ാം മിനിറ്റിലാണ് കോച്ച് താരത്തെ പിന്‍വലിച്ചത്. പകരമിറങ്ങിയ പൗലോ ഡിബാല 22 മിനിറ്റിനുശേഷം യുവന്റസിന്റെ വിജയഗോള്‍ നേടുകയും ചെയ്തു.
നീരസത്തോടെ ഗ്രൗണ്ട് വിട്ടുവന്ന ക്രിസ്റ്റ്യാനോ, സാറിയോട് അല്പം ദേഷ്യപ്പെട്ട ശേഷമാണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. കളിതീരുന്നതിന് മുന്‍പ് അദ്ദേഹം സ്‌റ്റേഡിയം വിട്ടുപോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ക്രിസ്റ്റ്യാനോയെ കോച്ച് സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ലോക്കമോട്ടീവ് മോസ്‌കോയ്‌ക്കെതിരായ മത്സരത്തിലും ഇത് സംഭവിച്ചു. അന്നും ക്രിസ്റ്റ്യാനോ കോച്ചിനോട് പ്രതിഷേധിച്ചിരുന്നു.