മഡ്രിഡ്: കാത്തിരുന്നു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ഒന്നാമത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ആര്‍ദ്ധരാത്രി നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിദാന്റെ കീഴില്‍ റയല്‍ മഡ്രിഡ് മെസിയെയും കൂട്ടരെയും തോല്‍പ്പിച്ചത്. 71ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറും ഇഞ്ചുറി ടൈമില്‍ മരിയാനോയുമാണ് റയലിനായി സ്കോര്‍ ചെയ്തത്.
ജയത്തോടെ റയലിന് 26 കളിയില്‍ 56 പോയന്റായി. ബാഴ്സലോണക്ക് 55 പോയന്റാണുള്ളത്.
അതേസമയം, റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബുവില്‍ ഒരിടവേളയ്ക്ക് ശേഷം കാണിയായി എത്തിയ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മുന്നില്‍ തോല്‍വി ഏറ്റുവാങ്ങിയതും ബാഴ്സക്ക് നാണക്കേടായി. സ്റ്റേഡിയത്തിലെ എക്സിക്യൂട്ടിവ് ബോക്സിലിരുന്നാണ് നിലവിലെ ഇറ്റാലിയന്‍ സീരി എ ലീഗിലെ യുവന്റസ് താരം കളി കണ്ടത്. വിനീഷ്യസ് ജൂനിയര്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ അത് കൈയ്യടിച്ച് ആഘോഷിക്കാനും ക്രിസ്റ്റ്യാനോ മറന്നില്ല.
കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇറ്റാലിയന്‍ ലീഗിലെ മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. ഞായറാഴ്ച യുവന്റസിന് ഇന്റര്‍ മിലാനുമായിട്ടായിരുന്നു മത്സരം. ഈ കളി മാറ്റി വെച്ചതോടെയാണ് ക്രിസ്റ്റ്യാനോ ബെര്‍ണാബുവിലെത്തിയത്.
അതേസമയം എല്‍ ക്ലാസിക്കോയില്‍ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ മെസിയെ മറികടക്കുന്ന ചരിത്ര നേട്ടവും വിനീഷ്യസ് ജൂനിയറിനെ തേടിയെത്തി. 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത്. എല്‍ ക്ലാസിക്കോയില്‍ ആദ്യമായി ഗോളടിക്കുമ്പോള്‍ 19 വര്‍ഷവും 259 ദിവസവുമായിരുന്നു മെസ്സിയുടെ പ്രായം. ഞായറാഴ്ച ഗോളടിക്കുമ്പോള്‍ വിനീഷ്യസിന്റെ പ്രായം 19 വര്‍ഷവും 233 ദിവസവുമാണ്.
എല്‍ ക്ലാസിക്കോയില്‍ നേടിയ ജയം റയലിന്റെ കിരീടപ്പോരാട്ടത്തിലേക്കുള്ള കുതിപ്പിന് ഊര്‍ജം പകരും. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. 2014ന് ശേഷമാണ് റയല്‍ സ്വന്തം മൈതാനത്ത് എല്‍ ക്ലാസിക്കോയില്‍ ജയിക്കുന്നത്. ഒരു ലാലിഗ എല്‍ ക്ലാസിക്കോ ജയിക്കുന്ന 2016 ഏപ്രിലിന് ശേഷവും.