ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക പരാതിയുമായി യുവതി

ലാസ് വേഗാസ്: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം. രണ്ടു കോടി രൂപ നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അമേരിക്കയില്‍ നിന്നുള്ള കാതറിന്‍ മയോര്‍ഗയാണ് റൊണാള്‍ഡോക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങിയത്. ഒരു ജര്‍മന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.

2009ല്‍ ലാസ് വേഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് 34കാരിയായ കാതറിന്‍ മയോര്‍ഗ പറയുന്നു. സംഭവം പുറത്ത് അറിയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കിയെന്നാണ് അവര്‍ പറയുന്നത്. ഉപദ്രവിക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും റൊണാള്‍ഡോ അത് ചെവിക്കൊണ്ടില്ലെന്നും യുവതി വ്യക്തമാക്കി.

നേരത്തെ ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് പണം നല്‍കാന്‍ തീരുമാനിച്ചെന്നും വാര്‍ത്ത പുറത്തുവിട്ട ജര്‍മാന്‍ മാഗസിന്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ റൊണാള്‍ഡോ നിഷേധിച്ചതായാണ് വിവരം. തെറ്റായ വാര്‍ത്ത നല്‍കിയ ജര്‍മന്‍ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് റൊണാള്‍ഡോയുടെ അഭിഭാഷകരുടെ തീരുമാനം.

2009ല്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം നടന്നതെന്നാണ് ആരോപണം.
പീഡനം നടന്നതിനു ശേഷം പൊലീസില്‍ പരാതി നല്‍കാതെ യുവതി അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നു. മയോര്‍ഗയുടെ വെളിപ്പെടുത്തല്‍ വന്നതോടെ സംഭവം കായിക ലോകത്ത് കൂടുതല്‍ ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

SHARE