എന്റെ ഗോള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കൂ; വിമര്‍ശകരോട് ക്രിസ്റ്റിയാനോ

ലണ്ടന്‍: തന്റെ പ്രകടനത്തില്‍ അസ്വസ്ഥതയുള്ളവര്‍ക്ക് ഗോളുകള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കാമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനെതിരെ വഴങ്ങിയ തോല്‍വിക്കു ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രസ്താവന. 2017-18 സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നായി ക്രിസ്റ്റ്യാനോ എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍, ലാലിഗയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

‘ഞാന്‍ വളരെ ശാന്തനാണ്. ടോട്ടനം ഹോട്‌സ്പറിനെതിരെ ഞാന്‍ നന്നായി കളിച്ചു. പക്ഷേ, നിങ്ങളത് എണ്ണില്ല. ഗോളുകള്‍, ഗോളുകള്‍, ഗോളുകള്‍ മാത്രം മതി നിങ്ങള്‍ക്ക്…’ പോര്‍ച്ചുഗീസ് താരം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

‘എന്റെ കളി മികവിനെപ്പറ്റിയും കണക്കുകളെപ്പറ്റിയും നിങ്ങളോട് പറയാന്‍ ഞാനില്ല. വേണമെങ്കില്‍ ഗൂഗിളില്‍ നോക്കിക്കോളൂ. ‘ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍സ്’ എന്ന് അടിച്ചു നോക്കിയാല്‍ മതി; എല്ലാം കാണാം. അവ എന്നെ ബാധിക്കുന്നില്ല.’

2021 വരെ റയല്‍ മാഡ്രിഡുമായി കരാറുണ്ടെങ്കിലും പുതിയ കരാര്‍ ഒപ്പുവെക്കാന്‍ താന്‍ ക്ലബ്ബിനെ നിര്‍ബന്ധിച്ചുവെന്ന ആരോപണവും ക്രിസ്റ്റ്യാനോ തള്ളി. ‘എനിക്കൊരു പ്രശ്‌നവും ഇല്ല. പുതിയ കരാര്‍ ആവശ്യവുമില്ല. എന്റെ കരാറില്‍ ഇനിയും നാലു വര്‍ഷം ശേഷിക്കുന്നുണ്ട്.’ താരം പറഞ്ഞു.

ലാലിഗയില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗില്‍ മിന്നും ഫോമിലാണ് 32-കാരന്‍. നാല് മത്സരങ്ങളില്‍ ആറു ഗോളുമായി ക്രിസ്റ്റിയാനോ ടോപ് സ്‌കോററാണ്.