സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പ്രിയതാരം ക്രിസ്റ്റ്യാനോയുടെ അടുത്തേക്ക് ഓടിയടുത്തു കുഞ്ഞു ആരാധകന്‍: വീഡിയോ വൈറല്‍

ലിസ്ബണ്‍ : ലോകമെമ്പാടും ആരാധകരുള്ള ഫുട്‌ബോള്‍ താരമാണ് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആരാധകരാണ് തന്റെ ശക്തിയെന്നും താന്‍ ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിയതില്‍ വലിയ പങ്കുവഹിച്ചത് ഇവരാണെന്നും പലതവണ തുറന്ന് പറഞ്ഞ താരമാണ് ക്രിസ്റ്റ്യാനോ. ആരാധകരോട് ഒരുസമയത്തും മുഖം കറുപ്പിക്കാത്ത റയല്‍ മാഡ്രിഡ് താരം കുരുന്നു ആരാധകര്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കുന്നതിലും രസം കണ്ടെത്തുന്നയാളാണ്.

റഷ്യയിലേക്ക് ലോകകപ്പിനായി തിരിക്കുന്നതിന് ലിസ്ബണ്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇത്തവണ ഒരു കുരുന്ന് ആരാധകന്റെ മനം ക്രിസ്റ്റിയാനോ കീഴടക്കിയത്. ടീം ബസില്‍ നിന്ന് ഇറങ്ങി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ പ്രിയതാരത്തെ കണ്ട പോര്‍ച്ചുഗല്‍ ജെഴ്സിയിട്ടെത്തിയ കുഞ്ഞു ആരാധകന്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച്  ക്രിസ്റ്റിയാനോ എന്ന് വിളിച്ച് താരത്തിനൊപ്പം കൂടിയത്.

എന്നാല്‍ കുഞ്ഞു ആരാധകനെ കണ്ട റൊണാള്‍ഡോ സൗഹൃദം പങ്കുവെക്കുകയും ഓട്ടോഗ്രാഫും നല്‍കിയാണ് പറഞ്ഞയച്ചത്. ക്രിസ്റ്റ്യാനോയും കുഞ്ഞു ആരാധകനും സൗഹൃദം പങ്കിടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യത്തിന്റെ സന്തോഷത്തില്‍ കണ്ണു മിഴിച്ചു നില്‍ക്കുന്ന കുട്ടി താന്‍ റൊണാള്‍ഡോയെ വളരെയധികം സ്‌നേഹിക്കുന്നുയെന്ന് സംഭവശേഷം മാധ്യമങ്ങളോട് പറഞ്ഞു.