ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡി.ജി.പിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായിട്ടില്ലെന്നും ഇസ്‌ലാം മതം സ്വീകരിച്ചതിനു പിന്നില്‍ തീവ്രവാദ സംഘടനയുടെ സമ്മര്‍ദ്ദമില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിലും സമാന രീതിയിലും റിപ്പോര്‍ട്ട് തന്നെയാണ് ഉണ്ടായിരുന്നത്. 2016ല്‍ പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഹാദിയ കേസില്‍ ഹൈക്കോടതി നടത്തിയ ഇടപെടലിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 24 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നാണ് സുപ്രീംകോടതി ചോദിച്ചത്. കേസിലെ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.