വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കുട്ടികളുടെ കണ്‍മുന്നില്‍ വെട്ടിക്കൊന്നു

ഡല്‍ഹി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കുട്ടികളുടെ കണ്‍മുന്നില്‍ വെട്ടിക്കൊന്നു. ഡല്‍ഹി നരേലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മോട്ടോര്‍ മെക്കാനിക് മുഹമ്മദ് ഹാഷിം (28), ഭാര്യ മിന്നത്ത് ഖദൂണ്‍ (25) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയായ മുഹമ്മദ് മുസ്താഖ് (50) സംഭവത്തിനു ശേഷം വിഷം കഴിച്ചു മരിച്ചു. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഹാഷിം രണ്ട് വര്‍ഷം മുന്‍പാണ് നരേലയില്‍ താമസമാക്കിയത്.

അയല്‍വാസികളായ മുസ്താഖും ഹാഷിമും നിസാരകാര്യങ്ങളുടെ പേരില്‍ നിരന്തരം തര്‍ക്കിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാവിലെ ദമ്പതികളുടെ വാഹനം പ്രതിയുടെ ഓട്ടോറിക്ഷയില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മുഹമ്മദ് ഹാഷിമിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടന്ന മിന്നത്തിനെ ഉറച്ചി കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച ഹാഷിമിനും ഗുരുതര വേട്ടേറ്റു. വൈകാതെ രക്തം വാര്‍ന്നു മരിച്ചു.

സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് മുസ്താഖ് രക്ഷപ്പെട്ടുവെന്ന് അയല്‍വാസിയാണ് പൊലീസിന് വിവരം നല്‍കിയത്. ദമ്പതികളുടെ കരച്ചില്‍ കേട്ട് ഓടിവന്ന താന്‍ ജനലിലൂടെ മുസ്താഖ് ദമ്പതികളെ ദാരുണം കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് അയല്‍വാസി പൊലീസിന് മൊഴി നല്‍കി.

സംഭവത്തിനു ശേഷം വീട്ടിലെത്തിയ മുസ്താഖ് കുളിച്ച് വസ്ത്രം മാറി ടെറസില്‍ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയിരുന്ന വിഷം എടുത്ത് കഴിക്കുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരണം സംഭവിച്ചു. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് നാലും രണ്ടും വയസ്സും പ്രായമുള്ള കുട്ടികളുണ്ട്‌

SHARE