മദ്യലഹരിയില്‍ ഉപദ്രവം പതിവ്; അച്ഛനെ കൊലപ്പെടുത്തിയെന്ന് പെണ്‍മക്കള്‍

ഹൈദരാബാദ്: മദ്യലഹരിയിലുള്ള ഉപദ്രവം സഹിക്കാനാന്‍ സാധിക്കാത്തതിനാല്‍ പെണ്‍മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. ഹൈദരാബാദ് ജഗദ്ഗിരിഗുട്ട സ്വദേശിയായ 45കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ മൊഴി. എട്ട് മാസം മുമ്പാണ് പെണ്‍കുട്ടികളുടെ അമ്മ മരിച്ചത്. ഇതിനുശേഷം മദ്യപാനിയായ അച്ഛന്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മദ്യലഹരിയില്‍ ശാരീരികമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മോശമായരീതിയില്‍ പെരുമാറുന്നതും പതിവായിരുന്നു.

കഴിഞ്ഞദിവസം രാത്രിയും അച്ഛന്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് മദ്യലഹരിയില്‍ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് 45കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും.

SHARE