പിതാവിന്റെ 19 ലക്ഷവുമായി കാമുകനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും അറസ്റ്റില്‍


മുംബൈ: 19 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും പിതാവിന്റെ പക്കല്‍ നിന്ന് മോഷ്ടിച്ചതിന് മകളെയും കാമുകനെയും പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഉസ്മ ഖുറേഷി (21), ചരന്ദീപ്സിങ് അറോറ (35) എന്നിവരാണ് പിടിയിലായത്. വെര്‍സോവയിലെ സ്‌കൂളിലെ പി.ടി അധ്യാപകനാണ് ചരന്ദീപ്സിങ്.

‘മകള്‍ ഉസ്മയെ ജൂലൈ 30 ന് കാണാതായി, 10 ലക്ഷം രൂപയും സ്വര്‍ണവും വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. ചരന്ദീപ്സിങ്ങുമായി ഒളിച്ചോടിയതാകാം എന്ന സംശയത്തില്‍ പൊലീസില്‍ പരാതിപ്പെട്ടു, – ഉസ്മയുടെ പിതാവും ഹോട്ടല്‍ ബിസിനസുകാരനുമായ ഉമ്രദരാസ് ഖുറേഷി പറഞ്ഞു.

ജൂലൈ 23ന് ഉസ്മ തന്റെ ലോക്കറിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം ഓര്‍ത്തെടുത്തതാണ് കേസില്‍ വഴിത്തിരിവായത്. ഒരു സുഹൃത്തിന്റെ കുടുംബത്തില്‍ കോവിഡ് ബാധ ഉണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍, അവരുടെ സ്വര്‍ണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനാണ് ലോക്കറിന്റെ താക്കോല്‍ ആവശ്യപ്പെട്ടത് എന്നാണ് ഉസ്മ പിതാവിനെ ധരിപ്പിച്ചിരുന്നത്.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിനടുത്തുള്ള സീത നിവാസിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ ഒഷിവാര പൊലീസ് പറഞ്ഞു. മുംബൈ പൊലീസ് അമൃത്സര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലാകുന്നത്. മോഷ്ടിച്ച സ്വര്‍ണവും പണവും ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തി.

SHARE