ചെങ്ങാലൂര്‍(തൃശ്ശൂര്‍): അച്ഛനെ കൊന്ന കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ 25 വര്‍ഷത്തിനുശേഷം മകന് ഷാപ്പില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ സുധനാണ് (54) മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രതീഷി(36)നെ പോലീസ് പിടികൂടി.
ചെങ്ങാലൂരില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.30-നായിരുന്നു സംഭവം. കള്ളുവാങ്ങാന്‍ നിന്ന സുധനെ രതീഷ് പിറകില്‍നിന്ന് വിളിച്ചിറക്കിയ ശേഷം കത്തികൊണ്ട് തുരുതുരെ കുത്തുകയായിരുന്നുവെന്ന് പുതുക്കാട് പോലീസ് പറഞ്ഞു.
മൂന്നുപേരോടൊപ്പം ഓട്ടോറിക്ഷയിലെത്തിയ രതീഷ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. മൂന്നുപേര്‍ ഓട്ടോയില്‍ ഇരുന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുത്തിയശേഷം സുധനെ തള്ളി ഷാപ്പിനുള്ളിലേക്കിട്ട രതീഷ് ഓട്ടോറിക്ഷയില്‍ക്കയറി രക്ഷപ്പെട്ടു.
തുടര്‍ന്ന് വരന്തരപ്പിള്ളിയിലെത്തിയ പ്രതികള്‍ ഒരു കടയില്‍ ഇരുന്നു. വിവരമറിഞ്ഞെത്തിയ വരന്തരപ്പിള്ളി പോലീസ് ഇവരെ ഓടിച്ച് പിടിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ രതീഷ് വരന്തരപ്പിള്ളി സ്റ്റേഷനിലെ റൗഡിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്.
ചാലക്കുടി ഡി.വൈ.എസ്.പി. സി.ആര്. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. 25 വര്‍ഷം മുമ്പ് രതീഷിന്റെ അച്ഛന് രവിയെ കല്ലെറിഞ്ഞുകൊന്ന കേസില്‍ സുധന് പ്രതിയായിരുന്നു. ഈ കേസില്‍ സുധനെ വെറുതെ വിട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.