മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അമ്മയുടെ ധീരമായ ഇടപെടലില്‍ കുട്ടി രക്ഷപ്പെടുന്നു, സിസിടിവി ദൃശ്യം പുറത്ത്


ന്യൂഡല്‍ഹി: നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘത്തെ ധീരമായി നേരിട്ട് അമ്മ. വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ച ശേഷം ശ്രദ്ധ തിരിച്ച് മകളെ തട്ടിക്കൊണ്ടു പോകാനായിരുന്നു രണ്ടംഗ സംഘത്തിന്റെ നീക്കം. എന്നാല്‍ അമ്മയുടെ തക്ക സമയത്തെ ധീരമായെ ഇടപെടല്‍ കാരണം കുട്ടി രക്ഷപ്പെടുകയാരിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കിഴക്കന്‍ ഡല്‍ഹിക്കു സമീപമാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.

രണ്ടാളുകള്‍ വന്ന് വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് വെള്ളമെടുക്കാന്‍ പോയ നേരത്ത് കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയെ എടുത്ത് ഓടി ബൈക്കില്‍ കയറ്റി. പേടിച്ചരണ്ട കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ കുട്ടിയെ ബൈക്കില്‍ നിന്നു വലിച്ചിറക്കി. ബൈക്ക് തള്ളിമറിച്ച് പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ബൈക്ക് ഒരു കൈകൊണ്ട് പിടിച്ചുവക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ സഹായിക്കാനായി അയല്‍വാസിയും രംഗത്തെത്തി. ഇടുങ്ങിയ റോഡില്‍ തന്റെ സ്‌കൂട്ടര്‍ കുറുകെ എടുത്തുവച്ച് ബൈക്ക് തടയാനും ശ്രമം നടത്തി. ബൈക്കില്‍ ഉണ്ടായിരുന്ന ഒരാളെ തള്ളി താഴെയിട്ട അയല്‍വാസി പിന്നാലെ ഓടിയെത്തിയ രണ്ടാമനെയും കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടു പേരും ഓടി രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍ ഉപേക്ഷിച്ച ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. കുട്ടിയുടെ അച്ഛന്റെ അനുജനാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛന്‍. ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയതോന്നിയ സഹോദരനാണ് രണ്ടു പേരെ ഏര്‍പ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ മോചിപ്പിക്കാന്‍ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറയുന്നു.

SHARE