ചെന്നൈ: തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ട അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ അനുഭവിച്ച ക്രൂരത വിവരിച്ച് കുടുംബം. പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരികളായ ജയരാജും മകന് ബെന്നിക്സുമാണ് മര്‍ദ്ദനമേറ്റ് ദാരുണമായി മരിച്ചത്. ‘ഇതൊരു ഇരട്ട കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയില്‍ ഈ ക്രൂരകൃത്യം വിവരിക്കാന്‍ പോലും ഞാന്‍ അശക്തയാണ്, ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പിന്മാറില്ല’- ജയരാജിന്റെ മകള്‍ പെര്‍സിസ് കണ്ണീരോടെ പറയുന്നു,
ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനില്‍ രാത്രി മുഴുവന്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നു. ചോരയില്‍ മുങ്ങിയതോടെ ഇവരുടെ ഉടുമുണ്ട് മാറ്റിയതായും ബന്ധുക്കള്‍ പറയുന്നു. പിറ്റേന്നു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനിരിക്കെയാണ് ഈ അതിക്രമം നടന്നത്.
ലോക്ക് ഡൗണ്‍ ഇളവായി നല്കിയ സമയപരിധിയായ ഒന്‍പത് മണി കഴിഞ്ഞിട്ടും കട തുറന്നു പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് തടി വ്യവസായി ആയ ജയരാജനെ ജൂണ്‍ 19ന് സാത്തന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഷോപ്പ് നടത്തുന്ന മകന് ഫെനിക്സ് ഇതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി. അച്ഛനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എത്തിയത്. പിന്നാലെ അച്ഛനെയും മകനെയും പൊലീസ് റിമാന്‍ഡ് ചെയ്തു.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി ഐസലേഷന്‍ നടപടിക്കായി കോവില്‍പട്ടി സബ്ജയിലില്‍ എത്തിച്ചു. അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതോടെയാണ് ഫെനിക്സിനും മര്‍ദ്ദനമേറ്റതെന്നാണ് ആരോപണം ഉയരുന്നത്. പൊലീസ് മര്‍ദ്ദനമേറ്റ് അവശനിലയിലായ ഫെനിക്സിനെ കോവില്‍പട്ടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകാതെ ജയരാജിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഇയാളും മരണത്തിന് കീഴടങ്ങി.