മുംബൈയിലുള്ള ഹോട്ടലിലെ ജലസംഭരണിയില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ അഴുകിയനിലയില്‍ കണ്ടെത്തി. ഹോട്ടലിലെ മാനേജറായ ഹരീഷ് ഷെട്ടി, വെയ്റ്റര്‍ നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹങ്ങളാണ് ജലസംഭരണിയില്‍ നിന്ന കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ കല്ലു യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുംബൈ മിറ റോഡില്‍ ശീതള്‍ നഗറിലെ ശബരി റെസ്റ്റോറന്റിലെ ജലസംഭരണിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം കല്ലുയാദവ് മൃതദേഹങ്ങള്‍ ജലസംഭരണിയില്‍ ഉപേക്ഷിച്ചതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഹോട്ടല്‍ അടഞ്ഞുകിടക്കുകയാണ്. മരിച്ച രണ്ടുപേരും കല്ലുയാദവും അന്നുമുതല്‍ ഹോട്ടലില്‍ തന്നെയായിരുന്നു താമസം.വ്യാഴാഴ്ചയാണ് ഹോട്ടലില്‍ കൊലപാതകം നടന്നതായി ഉടമ ഗംഗാധര്‍ ഷെട്ടിക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ ഇദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് അര്‍ധരാത്രിയോടെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ജലസംഭരണിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.