ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താത്കാലികമായി അടച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആസ്ഥാനം അടച്ചത്. കൂടുതല്‍ പേര്‍ക്ക് കൊവിഡ് പകരാതിരിക്കാനാണ് ഈ മുന്‍കരുതലെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കടകംപള്ളി, അഴൂര്‍, കുളത്തൂര്‍, ചിറയന്‍കീഴ്, ചെങ്കല്‍, കാരോട്, പൂവാര്‍, പെരുങ്കടവിള, പൂവച്ചല്‍ എന്നീ പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുണ്ട്. കൂടാതെ കോര്‍പറേഷനിലെ കടകംപള്ളിയും കണ്ടെയ്ന്‍മെന്റ് സോണാക്കി. 339 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളാണ് സ്ഥിരീകരിച്ചത്.

SHARE