‘ഹര്‍ഭജന് വിലക്ക് കിട്ടാതിരിക്കാന്‍ ഞാന്‍ കരഞ്ഞുകൊണ്ട് യാചിച്ചു’; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് 2008 ല്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി ശ്രീശാന്ത്.ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിലായിരുന്നു ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചത്. മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു അത്. മത്സരത്തില്‍ തോറ്റ മുംബൈ ടീമംഗമായ ഹര്‍ഭജനെ പഞ്ചാബ് താരമായ ശ്രീശാന്ത് കളിയാക്കി. ഇതാണ് പിന്നീട് ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിക്കുന്നതില്‍ കലാശിച്ചത്.

അന്ന് ഹര്‍ഭജനെ പ്രകോപിക്കാന്‍ എന്താണ് പറഞ്ഞതെന്ന് ശ്രീശാന്ത് ഈ അടുത്ത് വെളിപ്പെടുത്തി. ‘പഞ്ചാബിന് മുന്നില്‍ മുംബൈ തോറ്റു’ എന്ന് പരിഹാസരൂപത്തില്‍ ഹര്‍ഭജനോട് പറയുകയായിരുന്നെന്ന് ശ്രീശാന്ത് വെളിപ്പെടുത്തുന്നു.

എന്നാല്‍ അതിനുശേഷം ഹര്‍ഭജനും താനും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഒരു പ്രശ്‌നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഹര്‍ഭജനെ വിലക്കേണ്ടതായിരുന്നു. എന്നാല്‍ ബി.സി.സി.ഐ നിയമിച്ച അന്വേഷണ കമ്മീഷനായ സുധീന്ദ്ര നാനാവതിക്കു മുന്നില്‍ ഹര്‍ഭജന് വിലക്ക് ലഭിക്കാതിരിക്കാന്‍ താന്‍ യാചിച്ചുവെന്നും പൊട്ടിക്കരഞ്ഞുവെന്നും ശ്രീശാന്ത് പറയുന്നു.

‘ഞങ്ങളിരുവരും തമ്മിലുള്ള പ്രശ്‌നം അവസാനിച്ചതിന് നന്ദി പറയേണ്ടത് സച്ചിന്‍ പാജിയോടാണ്. സച്ചിന്‍ പറഞ്ഞത് അനുസരിച്ച് ഞങ്ങളിരുവരും കണ്ടുമുട്ടി. പ്രശ്‌നം നടന്ന അന്നു രാത്രി തന്നെയായിരുന്നു അത്. എന്നിട്ട് ഞങ്ങള്‍ ഒരുമിച്ച് ഡിന്നര്‍ കഴിക്കുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങള്‍ ഈ പ്രശ്‌നത്തെ മറ്റൊരു തലത്തിലെത്തിച്ചു. നവനീത് സാറിന് മുന്നില്‍ പോലും ഞാന്‍ പൊട്ടിക്കരഞ്ഞു യാചിച്ചു. ഭാജി പായെ വിലക്കരുതെന്നും ഞങ്ങള്‍ ഒരുമിച്ച് കളിക്കാന്‍ പോകുന്നവരാണെന്നും പറഞ്ഞു. ഭാജി പായെ വിലക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി ഹാട്രിക് വിക്കറ്റെടുത്ത മാച്ച് വിന്നറാണ് അദ്ദേഹം. ഭാജി പായോടൊപ്പം കളിച്ച് മത്സരങ്ങള്‍ വിജയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം ജ്യേഷ്ഠസഹോദരനെപ്പോലെയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.’ ശ്രീശാന്ത് വ്യക്തമാക്കുന്നു.

‘ഭാജി പായുമായി ഇപ്പോഴും ഒരു പ്രശ്‌നവുമില്ല. അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്. എനിക്കും മാറ്റങ്ങള്‍ വന്നു. അന്ന് പരസ്യമായി അദ്ദേഹം എന്നോട് മാപ്പ് പറഞ്ഞതാണ്.’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

SHARE