ലങ്കക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു.

ബാറ്റിങ് തുടങ്ങി 3 റണ്‍സില്‍ നില്‍ക്കെ ഇംഗ്ലണ്ട് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കു ക്യാച്ച് നല്‍കി ദിമുത് പുറത്ത്. തൊട്ടുപിന്നാലെ ക്രിസ് വോക്‌സിന്റെ പന്തില്‍ മൊയീന്‍ അലിക്കു ക്യാച്ച് നല്‍കി കുശാല്‍ പെരേരയും മടങ്ങി. അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ മാര്‍ക് വുഡിന് വിക്കറ്റ് സമ്മാനിച്ച് ആവിഷ്‌ക മടങ്ങി.

നാലാം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസും എയ്ഞ്ചലോ മാത്യുസും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇതോടെ ലങ്കന്‍ സ്‌കോര്‍ 100 കടന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദില്‍ റാഷിദ് രണ്ടും ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്നു ശ്രീലങ്കയ്‌ക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനു നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്തു തിരിച്ചെത്താന്‍ സാധിക്കും. 5 കളികളില്‍നിന്നു 8 പോയിന്റുമായി ഇംഗ്ലണ്ട് നിലവില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം അഞ്ച് കളികളില്‍നിന്ന് 1 ജയം മാത്രമാണ് ശ്രീലങ്കയ്ക്കുള്ളത്. 2 എണ്ണം തോറ്റു. രണ്ട് മല്‍സരങ്ങളില്‍ മഴമൂലം പോയിന്റ് പങ്കിടേണ്ടിയും വന്നു. 4 പോയിന്റുമായി ആറാം സ്ഥാനത്തുള്ള അവര്‍ക്ക് ഇന്നത്തെ കളി ജയിച്ചേ തീരൂ.

SHARE