ശിക്ഷ അവസാനിക്കുന്നില്ല; സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ വീണ്ടും നടപടി

സിഡ്‌നി: ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്കുണ്ട്. വിലക്കുള്ളതിനാല്‍ സ്മിത്തിനും വാര്‍ണര്‍ക്കും ഐ.പി.എല്ലില്‍ കളിക്കാനാകില്ല.

ക്രിക്കറ്റ് ലോകത്ത് ഓസ്‌ട്രേലിയക്ക് അപമാനമുണ്ടാക്കിയ സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കര്‍ശന നടപടികളിലേക്ക് കടന്നത്. നേരത്തെ സ്മിത്തിനെതിരെ ഐ.സി.സിയും ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. ഒരു മത്സരത്തില്‍ നിന്നുള്ള വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയുമായിരുന്നു ഐ.സി.സിയുടെ ശിക്ഷ. ടീമിനകത്തും വാര്‍ണര്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റേയും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേയും നായകസ്ഥാനം രാജിവെച്ചിരുന്നു.

SHARE