പാലത്തായി പീഡനക്കേസ്: ആര്‍എസ്എസ് നേതാവിന് ജാമ്യം കിട്ടിയതിനെ ന്യായീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് പൊലീസ് ഒത്തുകളിയിലൂടെ ജാമ്യം കിട്ടിയതിനെ ന്യായീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍. ആര്‍എസ്എസ് പ്രവര്‍ത്തകരെക്കാള്‍ ശക്തമായി പ്രതിയായ പത്മരാജന് വേണ്ടി വാദിക്കുന്നത് സിപിഎം പ്രവര്‍ത്തകരും സൈബര്‍ പോരാളികളുമാണ്. പീഡിപ്പിക്കപ്പെട്ട കുട്ടി മുസ്‌ലിമും പ്രതി ആര്‍എസ്എസുകാരനുമായതിനാലാണ് ഈ കേസില്‍ പ്രതിഷേധമുയരുന്നതെന്നാണ് ഫെയ്‌സ്ബുക്കിലെ സിപിഎമ്മിന്റെ പ്രധാന സൈബര്‍ പേജായ പോരാളി ഷാജിയുടെ കണ്ടെത്തല്‍. ഒരു കൊച്ചു പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസില്‍ വര്‍ഗീയത കലര്‍ത്തി വിഭാഗീയത സൃഷ്ടിക്കാനാണ് ഇതിലൂടെ സിപിഎം ശ്രമം. ആര്‍എസ്എസ് നേതാവിന് ജാമ്യം നേടി പുറത്തിറങ്ങാന്‍ എല്ലാ സൗകര്യവുമൊരുക്കിയതിന് ശേഷം അതിനെതിരെ പ്രതിഷേധിക്കുന്നവരുടെ മേല്‍ വര്‍ഗീയതയുടെ ചാപ്പകുത്തുന്ന നീചമായ രാഷ്ട്രീയമാണ് സിപിഎം പ്രയോഗിക്കുന്നത്.

എസ്ഡിപിഐ നേതാവായിരുന്ന ഷഫീഖ് ഖാസിമിക്ക് ജാമ്യം ലഭിച്ചിരുന്നു എന്നാണ് സഖാക്കള്‍ ഉന്നയിക്കുന്ന ഒരു ന്യായം. അതും സംഭവിച്ചത് പിണറായി സര്‍ക്കാറിന്റെ കാലത്താണ് എന്നതുകൊണ്ട് തങ്ങളുന്നയിക്കുന്നത് ഒരു സെല്‍ഫ് ട്രോളാണെന്ന കാര്യം പോലും ന്യായീകരിച്ച് ക്ഷീണിച്ച സഖാക്കള്‍ മറന്നുപോവുകയാണ്. ഖാസിമിക്കെതിരെ പള്ളി ഭാരവാഹി നല്‍കിയ പരാതിയിലാണ് കേസെടുക്കുന്നത്. പോക്‌സോ ചുമത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പാലത്തായി കേസില്‍ പത്മരാജനെ രക്ഷിക്കാന്‍ പൊലീസ് ആദ്യം മുതല്‍ ഒത്തുകളിക്കുകയായിരുന്നു. പരാതി ഉയര്‍ന്ന് ഒരു മാസത്തോളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നെ കനത്ത പ്രതിഷേധത്തിന് ശേഷമാണ് അദ്ദേഹം അറസ്റ്റിലായത്. പിന്നീട് കുറ്റപത്രം വൈകിപ്പിച്ചു. അവസാന ദിവസം പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇതെല്ലാം പത്മരാജന് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നതായിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ അമ്മയെന്ന് സഖാക്കള്‍ വാഴ്ത്തുന്ന ഷൈലജ ടീച്ചറുടെ മണ്ഡലമായ കൂത്തുപറമ്പിലാണ് ഒരു പിഞ്ചുപെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. എന്നിട്ടും നീതിക്ക് വേണ്ടി ഒരു ഇടപെടലും സര്‍ക്കാറില്‍ നിന്നുണ്ടായില്ല എന്നത് സിപിഎം-ആര്‍എസ്എസ് ഒത്തുകളി വ്യക്തമാക്കുന്നു.

എല്ലാത്തിനും അപ്പുറം ഒരു ആര്‍എസ്എസ് നേതാവ് അന്യായമായ ജാമ്യത്തിലിറങ്ങിയതിനെ വിമര്‍ശിക്കുമ്പോള്‍ അതിനെ ന്യായീകരിക്കാനും അതില്‍ വര്‍ഗീയത കലര്‍ത്താനും ആദ്യമെത്തുന്നത് സിപിഎം പ്രവര്‍ത്തകരാണെന്ന കാര്യം ശ്രദ്ധേയമാണ്. കുട്ടിക്ക് നീതി കിട്ടാത്തതിലോ ആര്‍എസ്എസ് നേതാവായ പീഡനവീരന്‍ ജാമ്യത്തിലിറങ്ങിയതിലോ യാതൊരു വിഷമവുമില്ലാത്ത സഖാക്കള്‍ വിമര്‍ശിക്കുന്നവരുടെ മതം നോക്കി വര്‍ഗീയത ആരോപിക്കുമ്പോള്‍ കേരളത്തിലെ സിപിഎം-ആര്‍എസ്എസ് അന്തര്‍ധാര എത്ര സജീവമാണെന്ന് വ്യക്തമാവുകയാണ്.

SHARE