മഞ്ചേശ്വരത്തെ രക്തസാക്ഷി: ബി.ജെ.പിക്കും പൊലീസിനും ഒരേഭാഷ; സി.പി.എം ‘വര്‍ഗീയത തുലയല്‍’ മദ്യത്തില്‍ മുങ്ങി

ലുഖ്മാന്‍ മമ്പാട്‌

കോഴിക്കോട്: മഞ്ചേശ്വരത്ത് കുത്തേറ്റ് മരിച്ച സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ ധീര രക്തസാക്ഷിയാക്കി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നതിന് പിന്നാലെ പരസ്യ മദ്യപാനമാണ് കൊലയിലേക്ക് നയിച്ചതെന്ന പൊലീസ് വെളിപ്പെടുത്തല്‍ ഏറ്റു പിടിച്ച് ബി.ജെ.പിയും. സംഭവത്തില്‍ മുതലെടുപ്പ് രാഷ്ട്രീയം ഒഴിവാക്കണമെന്നും മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് പിറകെയാണ് മയ്യിത്ത് മറമാടും മുമ്പ് പൊലീസും അതു ശരിവെച്ച് ‘സി.പി.എം രക്തസാക്ഷിയെ’ അപമാനിച്ചത്.

”മഹാരാജാസ് കോളജില്‍ വെച്ച് ന്യൂനപക്ഷ ഭീകരവാദത്തിന്റെ വക്താക്കള്‍ അഭിമന്യു എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നതിന് പിന്നാലെ ഇതാ ഭൂരിപക്ഷ വര്‍ഗീയവാദികള്‍ സിദ്ദിഖ് എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നിരിക്കുന്നു. വര്‍ഗീയ ശക്തികളുടെയെല്ലാം മുഖ്യശത്രു, മതനിരപേക്ഷതയുടെ വക്താക്കളായ സി.പി.ഐ എം നേതൃത്വത്തിലുള്ള പുരോഗമനപക്ഷമായതുകൊണ്ടാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്” എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്, ”ധീരരക്തസാക്ഷി സഖാവ് അബൂബക്കര്‍ സിദ്ദീഖിന് വിപ്ലവാഭിവാദ്യങ്ങള്‍” എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട ശേഷം സി.പി.എം ആരംഭിച്ച ‘വര്‍ഗീയത തുലയട്ടെ’ ക്യാമ്പയിന്റെ ചൂടോ ചൂരോ ഇല്ലാതെ ദേശാഭിമാനി പോലും ഒന്നാം പേജില്‍ അപ്രധാനമായാണ് മരണ വാര്‍ത്ത ഇന്നലെ നല്‍കിയത്. സി.പി.എമ്മുകാര്‍ കൂടുതല്‍ കൊല്ലപ്പെട്ടത് ആര്‍.എസ്.എസുകാരാലായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ‘വര്‍ഗീയത’ എന്ന പദം ഉപയോഗിക്കാത്ത സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായിരുന്നു മഞ്ചേശ്വരത്തെ കൊലയെ തുടര്‍ന്ന് സ്വീകരിച്ച ‘ഒത്തുതീര്‍പ്പ്’ ഭാഷ.

കൊലപാതകത്തില്‍ മുസ്‌ലിം സഹോദരന് ജീവന്‍ നഷ്ടമായത് അത്യധികം ദു:ഖകരമാണെന്നും നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പതിവില്‍ നിന്ന് വ്യത്യസ്തമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വൈകിട്ട് സ്വദേശമായ സൊങ്കാലില്‍ ഖബറടക്കിയത്. എല്ലായിടത്തും രക്തസാക്ഷിയെന്ന് മുദ്രാവാക്യം വിളിക്കുമ്പോഴാണ് മയ്യത്ത് മറമാടും മുമ്പെ മദ്യപാനിയെന്ന് ബി.ജെ.പിക്ക് പിറകെ പൊലീസും ഒരേ പോലെ ആവര്‍ത്തിച്ച് അപമാനിക്കുന്നത്.