കണ്ണൂര്‍: ഇരിട്ടിയില്‍ മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് സി.പി.എം മഹിളാ നേതാവ് വാര്‍ദ്ധക്യ പെന്ഷന് തട്ടിയെടുത്തതായി പരാതി. പായം പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മാതൃസഹോദരിയുടെ മകളുമായ സ്വപ്ന അശോകിനെതിരെയാണ് പരാതി ഉയര്‍ന്നത്.
കൗസു തട്ടത്താന് എന്നയാളുടെ പേരിലാണ് ഇവര്‍ പെന്ഷന് തട്ടിയത്. കൗസുവിന്റെ ബന്ധുക്കളാണ് പരാതി നല്‍കിയത്.
തളര്‍വാതം വന്ന് ഏഴു വര്‍ഷമായി കിടപ്പിലായിരുന്ന കൗസു 2019 മാര്‍ച്ച് ഒമ്പതിനാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്തു ജീവിച്ചിരുന്ന മൂന്നു പെണ്മക്കളാണ് ഇവരെ അവസാന കാലത്ത് ശുശ്രൂച്ചിരുന്നത്. അമ്മ മരിച്ച വിവരം ഇവര്‍ പഞ്ചായത്തിനെ അറിയിച്ചിരുന്നു. എന്നാല്‍ മരിച്ചതറിയാതെ പാസാക്കപ്പെട്ട 6100 രൂപ വരുന്ന പെന്ഷന് വ്യാജ ഒപ്പിട്ട് സ്വപ്ന തട്ടിയെടുത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.
അതിനിടെ, പരാതി ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം സി.പി.എം നേതാക്കള്‍ പല തവണ ശ്രമിച്ചതായി പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷയും വാര്‍ഡ് മെമ്പറുമായ കെ.കെ വിമല വെളിപ്പെടുത്തി. വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയെന്നും അവര്‍ സമ്മതിച്ചു.
പരാതി നല്കി രണ്ട് ദിവസമായിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. നേരത്തെ, കളക്ഷന്‍ ഏജന്റായ സ്വപ്നയെ വിഷയത്തില്‍ ഇരിട്ടി റൂറല്‍ ബാങ്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.