ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയില്‍ എടുക്കാതെ പൊലീസ്; പ്രതിഷേധം

കണ്ണൂര്‍: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയില്‍ എടുക്കാത്ത സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കണ്ണൂര്‍ പായം പഞ്ചായത്തില്‍ പരേതയുടെ ക്ഷേമ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കെ.പി സ്വപ്‌നയെ കസ്റ്റഡിയില്‍ എടുക്കാതിരിക്കുകയാണ് ഇരിട്ടി പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് 18 ദിവസം കഴിഞ്ഞിട്ടും സ്വപ്‌നയെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ആരോഗ്യ മന്ത്രി കെ. കെ.ശൈലജയുടെ അടുത്ത ബന്ധുവായ സ്വപ്‌നയെ കസ്റ്റഡിയില്‍ എടുക്കാത്തത് സിപിഎം സമര്‍ദ്ദത്തെ തുടര്‍ന്നെന്നാണ് സൂചന.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന ഉള്‍പ്പടെ വിവിധ കുറ്റങ്ങളും സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയിരുന്നു. എന്നാല്‍ കേസ്സെടുത്ത് 18 ദിവസം കഴിഞ്ഞിട്ടും സ്വപ്‌നയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സ്വപ്‌നയുടെ പരാതിയില്‍ കൗസുവിന്റെ ബന്ധുകള്‍ക്കെതിരെ കേസെടുത്ത പൊലീസ് സ്വപ്‌നയ്‌ക്കെതിരായ പരാതിയില്‍ മൊഴി എടുത്തത് അല്ലാതെ മറ്റു നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. സ്വപ്‌നയ്‌ക്കൊപ്പം പെന്‍ഷന്‍ വിതരണത്തിന് ഉണ്ടായിരുന്ന വാര്‍ഡ് മെമ്പര്‍ വിമലയെയും ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെയും സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളത്.

സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും ഉന്നതതലങ്ങളിലെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ അടുത്ത ബന്ധുവായ സ്വപ്‌നക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് എന്നാണ് സൂചന. പെന്‍ഷന്‍ തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ നടപടി എടുക്കാതെ പരാതിക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

SHARE