ബംഗാളിൽ സി.പി.എം വോട്ട് കൂട്ടത്തോടെ ബി.ജെ.പിയിൽ, പിടിച്ചു നിന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എമ്മുകാർ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്ന ആരോപണം ശരിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. ഒടുവിൽ ലഭിക്കുന്ന ഫലമനുസരിച്ച് 17 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ 24 സീറ്റുകളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ഒരുകാലത്ത് ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ഒരിടത്തുപോലും ലീഡ് ചെയ്യാൻ സി.പി.എമ്മിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, വോട്ടുവിഹിതത്തിൽ ഭീമമായ ഇടിവ് സംഭവിക്കുകയും ചെയ്തു. ബി.ജെ.പിയുടെ വോട്ടുവിഹിതത്തിലുണ്ടായ വൻ വർധനവ് സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകൾ വന്നുചേർന്നതു കൊണ്ടാണെന്നാണ് മനസ്സിലാവുന്നത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മിന് 29.71 ശതമാനം വോട്ടുകളാണുണ്ടായിരുന്നത്. രണ്ട് സീറ്റുകൾ ജയിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന് 39.05 ശതമാനവും ബി.ജെ.പിക്ക് 17.02 ശതമാനവും വോട്ടുകൾ ലഭിച്ചു.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം വോട്ടുവിഹിതം 10 ശതമാനം കുറഞ്ഞ് 19.7 ശതമാനത്തിലേക്കു വീണു. തൃണമൂൽ കോൺഗ്രസ് നില മെച്ചപ്പെടുത്തി 44.9 ലേക്ക് മുന്നേറി. ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ ഇടിവുണ്ടായി. മൂന്ന് സീറ്റുകൾ മാത്രം നേടിയ ബി.ജെ.പിക്ക് 10.2 ശതമാനമാണ് വോട്ടുകൾ കിട്ടിയത്.

2019-ൽ ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രകാരം സി.പി.എം വോട്ടുവിഹിതം വെറും 6.6 ശതമാനമാണ്. ബി.ജെ.പിയാകട്ടെ 38.9 ശതമാനത്തിലേക്ക് വൻ മുന്നേറ്റവും നടത്തി. തൃണമൂലിന്റെ വോട്ടുവിഹിതം 44.8 ശതമാനത്തിൽ നിൽക്കുമ്പോൾ ബി.ജെ.പിക്കു കിട്ടിയ വോട്ടിൽ സിംഹ ഭാഗവും സി.പി.എമ്മിന്റേതാണെന്ന് വ്യക്തമാവുകയാണ്.

ബംഗാളിൽ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിലും ഇടിവുണ്ടായിട്ടുണ്ട്. 2016-ൽ 12.3 ശതമാനം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ 5.40 ശതമാനം വോട്ടാണുള്ളത്.