വോട്ടുചോര്‍ച്ച: സകലരേയും സംശയിച്ച് സി.പി.എം നേതൃത്വം


കോഴിക്കോട്: ജില്ലയില്‍ ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെയുണ്ടായ വന്‍വോട്ട് ചോര്‍ച്ചക്ക് ഉത്തരമില്ലാതെ സി.പി.എം ജില്ലാ നേതൃത്വം. വോട്ട് ചോര്‍ച്ചയുടെ കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തി നടപടിയെടുക്കാന്‍ സി പി എമ്മിന് സംഘടനാ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മുതല്‍ താഴോട്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ സംശയ നിഴലിലാണ്. ആരില്‍ നിന്ന് ആധികാരികമായ് വോട്ട് ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തെ അലട്ടുന്നത്.
താഴെത്തലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എത്ര ആധികാരികമാവും എന്ന സംശയം നേതൃത്വത്തിലെ ഉന്നതര്‍ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ എ പ്രദീപ്കുമാര്‍ കോഴിക്കോട് 5000 മുതല്‍ 12000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു താഴെത്തലത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട്. വടകരയില്‍ രണ്ടായിരം മുതല്‍ ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കൂട്ടിയും കുറച്ചും പാര്‍ട്ടി കൈമാറിയത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും ഈ വിവരങ്ങള്‍ നല്‍കിയ നേതാക്കള്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തതിനാലാണ് ഇത്രയും വലിയ തോല്‍വി ഉണ്ടായതെന്ന് നേതൃത്വം സമ്മതിക്കുന്നു.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് രണസമിതി സാരഥികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെ ഇതിനകം പരാതി ഉയര്‍ന്നു കഴിഞ്ഞു. താഴെത്തലത്തില്‍ നേതാക്കള്‍ തമ്മില്‍ വോട്ടുചോര്‍ച്ചയുടെ പേരില്‍ പരസ്യമായ ഏറ്റമുട്ടുലും തുടങ്ങി. കഴിഞ്ഞ ദിവസം വോട്ട് ചോര്‍ച്ചയുടെ പേരില്‍ ചെലവൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് മൂഴിക്കല്‍ ബ്രാഞ്ച് അടിയന്തര യോഗം ചേര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയെ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

SHARE