ഇരിട്ടിയില്‍ ആര്‍എസ്എസ് നേതാവിന്റെ പാരലല്‍ കോളേജിന് സിപിഎമ്മിന്റെ സഹായം

കണ്ണൂര്‍ : ഇരിട്ടിയില്‍ ആര്‍എസ്എസ് നേതാവിന്റെ സമാന്തര കോളേജിന് സിപിഎം ഭരിക്കുന്ന നഗരസഭ രഹസ്യസഹായം നല്‍കിയത് വിവാദത്തില്‍. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിന് ലഭിച്ച എം.പി ഫണ്ട് ഉപയോഗപ്പെടുത്താന്‍ സിപിഎം ഭരിക്കുന്ന നഗരസഭ ഒത്താശ ചെയ്ത സംഭവമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇരിട്ടി നഗരസഭാ ചെയര്‍മാനും സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവുമായ പി.പി അശോകന്‍ മുന്‍കൈ എടുത്താണ് സഹായം ഏര്‍പ്പാടാക്കിയത്.

കണ്ണൂര്‍ ഇരിട്ടിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളേജിന് ശൗചാലയം നിര്‍മിക്കാന്‍ സുരേഷ് ഗോപി എം.പിയുടെ ഫണ്ടില്‍നിന്ന് 11, 55, 000 രൂപ അനുവദിച്ചിരുന്നു. പാരലല്‍ കോളേജായതിനാല്‍ നിയമപരമായി എം.പി ഫണ്ട് വിനിയോഗിക്കാന്‍ കഴിയാതെ വന്നതോടെ പ്രഗതി കോളേജ് ഇരിട്ടി നഗരസഭാ സെക്രട്ടറിയുടെ പേരില്‍ രണ്ട് സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കി. നഗരസഭയുടെ സ്ഥലത്ത് പണം അനുവദിക്കുന്നതിന് തടസമില്ലെന്ന് കണ്ടാണ് ഇങ്ങനെ ചെയ്തത്.
പാര്‍ട്ടി അറിയാതെ ചെയര്‍മാന്‍ ആര്‍എസ്എസ് നേതാവുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ പേരിലാണ് ഇങ്ങനെയൊരു ഭൂമി കൈമാറ്റം നടന്നതെന്ന വിമര്‍ശനമാണ് ആദ്യം ഉയര്‍ന്നത്. ഇത് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായി.

ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി അശോകന്‍ പാര്‍ട്ടിയറിയാതെ ആര്‍എസ്എസ് നേതാവിന്റെ സ്ഥാപനത്തിന് വഴിവിട്ട് സഹായം ചെയ്തതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനവും ഉയര്‍ന്നു. വിഷയം ജില്ലാ സെക്രട്ടറിയുടെ അടുത്ത് എത്തുകയും ചെയ്തു. ഏരിയാ കമ്മിറ്റിക്ക് കീഴിലെ പ്രാദേശിക ഘടകം ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. നഗരസഭാ സെക്രട്ടറിയുടെ പേരില്‍ സ്ഥലം അനുവദിക്കുമ്പോള്‍ ചെയര്‍മാന്‍ അറിയേണ്ടെന്നും തുടര്‍ നടപടികള്‍ക്കായി ഭരണസമിതിക്ക് മുമ്പാകെയെത്തിയപ്പോള്‍ എതിര്‍ത്തെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. എന്നാല്‍ വിഷയം പാര്‍ട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം ആറിന് ഏരിയാ കമ്മിറ്റി യോഗം ചേരും. അതിനിടെ പി.പി അശോകന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

SHARE