സി.പി.എം കൊലപാതക രാഷ്ട്രീയം നിര്‍ത്തണം; എ.കെ.ജിയുടെ സാരഥി മൊയ്തുവും സമര പന്തലില്‍

 

കണ്ണൂര്‍: എ.കെ.ജി പാവങ്ങളുടെ പടത്തലവനായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ പണക്കാരുടെ പടത്തലവനാണ്. ഇത് പറയുന്നത് മറ്റാരുമല്ല. വര്‍ഷങ്ങളോളം എ.കെ.ജിയുടെ സന്തതസഹചാരിയായിരുന്ന മൊയ്തുവാണ്.
1963 മുതല്‍ 14 വര്‍ഷം എ.കെ.ജിയുടെ നിഴലായി ഒപ്പം സഞ്ചരിച്ച ചെറുതാഴം മണ്ടൂരിലെ മുണ്ടയാട് പുരയില്‍ മൊയ്തു സി.പി.എമ്മിന്റെ ഇന്നത്തെ പോക്കിനെ കുറിച്ച് പറയുമ്പോള്‍ പാര്‍ട്ടിക്കാരും സമ്മതിക്കും. മനുഷ്യരെ കൊല്ലുന്ന, കുടുംബങ്ങളെ അനാഥമാക്കുന്ന കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് സി.പി.എം പിന്‍മാറണമെന്നാണ് മൊയ്തുവിന്റെ ആവശ്യം. സി.പി.എം കൊലക്കത്തി താഴെ വെക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ പാര്‍ട്ടിയെ കൈവിടുമെന്നും ഈ 81കാരന്‍ പറയുന്നു.
അക്രമത്തിനെതിരെ സുധാകരന്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യമറിയിക്കാനാണ് മൊയ്തു എത്തിയത്. 14 വര്‍ഷം എ.കെ.ജിയുടെ ഡ്രൈവറായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി കണ്ടറിഞ്ഞയാളാണ് മൊയ്തു. കെ.എല്‍.പി-6008 ജീപ്പില്‍ ജില്ലയ്ക്ക് പുറത്ത് വരെ എ.കെ.ജിയെയും കൂട്ടി പോയിട്ടുണ്ട്. മാടായി കോ-ഓപ്പ് ബാങ്കാണ് ജീപ്പ് വാങ്ങിയത്.
എ.കെ.ജിയുടെ മരണ ശേഷം കാഞ്ഞങ്ങാട് പി. സ്മാരകത്തില്‍ സംവിധായകന്‍ ഷാജി.എന്‍ കരുണ്‍ വിളിച്ച യോഗത്തിലാണ് എ.കെ.ജിയുടെ സാരഥി എന്ന ബഹുമതി ചാര്‍ത്തികിട്ടിയത്. സിനിമക്ക് വേണ്ടി എ.കെ.ജിയെ അടുത്ത് അറിയുന്നവരെല്ലാം എത്തണമെന്ന ഷാജി.എന്‍ കരുണിന്റെ അഭ്യര്‍ത്ഥന മാനിച്ച് എത്തിയ മൊയ്തു എ.കെ.ജിയോടൊപ്പം ഉണ്ടായ കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. 18-ാം വയസില്‍ ചെറുതാഴം വില്ലേജ് കമ്മിറ്റിയിലൂടെ സി.പി.എം അംഗമായ മൊയ്തു ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍ മനംമടുത്ത് 1978ലാണ് അംഗത്വം ഉപേക്ഷിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗീയ മുഖം തിരിച്ചറിഞ്ഞതും പാര്‍ട്ടി വിടാന്‍ കാരണമായി. പ്രാദേശിക പ്രവര്‍ത്തനത്തില്‍ ഒഴിച്ച് നിറുത്തുന്നത് പതിവായപ്പോള്‍ മനം മടുത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. വി.എസ് അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തുന്നയാളുമാണ് മൊയ്തു.

SHARE