ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തിച്ചത് എല്‍.ഡി.എഫ് ഘടകകക്ഷിയെപോലെ

ആലപ്പുഴ: അവിചാരിതമായി എസ്ഡിപിഐ നേതാക്കളെ കണ്ടതിന്റെ പേരില്‍ മുസ്‌ലിംലീഗിനെതിരെ ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന് വേണ്ടി കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് ഘടകകക്ഷിയെ പോലെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് പുതിയ വിവാദങ്ങളുടെ പശ്ചാതലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു.
എംഎല്‍എയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായര്‍ മരിച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു സിപിഎം-എസ്ഡിപിഐ പരസ്യസഖ്യം ചെങ്ങന്നൂരില്‍ ഉണ്ടായത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സര രംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങിയിരുന്ന എസ്ഡിപിഐ സിപിഎമ്മിനെ സഹായിക്കുന്നതിനായി പിന്മാറുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സിറ്റിംഗ് സീറ്റില്‍ യുഡിഎഫില്‍ നിന്നും കടുത്ത വെല്ലുവിളി ഉയര്‍ന്ന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി വിവിധ സാമുദായിക രാഷ്ട്രീയ സംഘടനകളുമായി ധാരണയുണ്ടാക്കിയ അവസരത്തിലാണ് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ സംഘടനകളുടെ പിന്തുണ സിപിഎം ഉറപ്പിച്ചത്. ബിജെപി സാധ്യതയുള്ള മണ്ഡലമെന്ന കാരണം പറഞ്ഞാണ് സിപിഎമ്മിന് വേണ്ടി ഭവനസന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ എസ്ഡിപിഐ നടത്തിയത്.
മുസ്‌ലിം സമുദായത്തിന് സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണഡലത്തിലെ മാന്നാര്‍, കൊല്ലകടവ്, മുളക്കുഴ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ബിജെപി വിജയിക്കുമെന്ന തരത്തില്‍ വ്യാപകമായ പ്രചരണമാണ് സിപിഎമ്മിന് വേണ്ടി ചെങ്ങന്നൂരിലെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ എസ്ഡിപിഐ നടത്തിയത്.

SHARE