കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സി.പി.എം

തളിപ്പറമ്പ്: ജനകീയ സമരങ്ങളെ തീവ്രവാദ ആരോപണമുയര്‍ത്തി അടിച്ചമര്‍ത്തുന്ന പതിവ് ശൈലിയുമായി സി.പി.എം നേതാക്കള്‍ വീണ്ടും രംഗത്ത്. കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരത്തിനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ഗോവിന്ദന്‍ ആണ് തീവ്രവാദ ആരോപണമുന്നയിച്ചിരിക്കുന്നത്. കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ തീവ്രവാദ സംഘടനകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണ തന്ത്രത്തിന് കീഴടങ്ങാന്‍ കീഴാറ്റൂരിലെ ജനങ്ങള്‍ക്ക് മനസില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ സംരക്ഷണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ സമരങ്ങള്‍ക്കെതിരെ തീവ്രവാദ വര്‍ഗീയ ആരോപണമുന്നയിക്കുന്നത് സി.പി.എം പതിവ് ശൈലിയാക്കി മാറ്റുകയാണെന്നാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. നേരത്തെ ഗെയില്‍ സമരം, പുതുവൈപ്പിനില്‍ എല്‍.എന്‍.ജി പ്ലാന്റിനെതിരായ സമരം തുടങ്ങിയ സമരങ്ങള്‍ക്കെതിരെ സി.പി.എം തീവ്രവാദ ആരോപണമുന്നയിച്ചിരുന്നു. ഗെയില്‍ സമരത്തില്‍ ഇസ്ലാമിനെ തന്നെ അധിക്ഷേപിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമാണ് ഗെയില്‍ സമരക്കാരെ നയിക്കുന്നതെന്നായിരുന്നു സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞത്.

SHARE