കലോത്സവത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനം: സംഘാടക സമിതിക്കെതിരെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ്

ശരീഫ് കരിപ്പൊടി
കാസര്‍കോട്: കാഞ്ഞങ്ങാടിന്റെ മണ്ണില്‍ കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനമെന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹിയുമായ എ. വിധുബാല ബാവിക്കരയാണ് സംഘാടക സമിതി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെ തുല്യപദവിയിലുള്ള മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്ക് കലോത്സവത്തില്‍ അമിതപ്രാധാന്യവും അധികാരവും നല്‍കുകയും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ക്ഷണക്കത്ത് പോലും കൊടുക്കാതെ പൂര്‍ണമായി മാറ്റിനിര്‍ത്തിയത് സംഘടക സമിതിയുടെ കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വിധുബാല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
സംസ്ഥാന കലോത്സവത്തിന്റെ പ്രാധാന്യവും വിജയിപ്പിക്കേണ്ടതിന്റെ ധാര്‍മികതയും കണക്കിലെടുത്താണ് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ ഒരു സബ് കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താതിരുന്നിട്ടും പരസ്യമായ ഒരു പ്രതിഷേധയോഗം പോലും സംഘടിപ്പിക്കാതെ മാറി നിന്നത്. സംഘാടക സമിതിയിലെ ചിലരുടെ നിക്ഷിപ്ത താത്പര്യം കണക്കിലെടുത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ തഴയുന്ന സമീപനം ഉണ്ടായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് ഫണ്ട് നീക്കിവെക്കുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇടപെടുന്നതും ഗ്രാമ പഞ്ചായത്തുകളാണ്. ഗ്രാമപഞ്ചായത്തിനെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ആ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളോടുള്ള അവഹേളനമാണ് പ്രകടമായതെന്നും അവര്‍ പറഞ്ഞു.
കലോത്സവ സംഘാടക സമിതിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താത്തതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പ്രകടമായ ഉദ്യോഗസ്ഥ വാഴ്ചയാണ് സംസ്ഥാന കലോത്സവത്തില്‍ കണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിച്ചത് കടുത്ത പ്രോട്ടോകോള്‍ ലംഘനമെന്നും യോഗം വിലയിരുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ മുഴുവന്‍ പരിപാടികളും ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു.

സംസ്ഥാന കലോത്സവത്തിന്റെ പ്രാധാന്യവും വിജയിപ്പിക്കേണ്ടതിന്റെ ധാർമ്മികതയും കണക്കിലെടുത്താണ് ജില്ലയിലെ പഞ്ചായത്ത്…

Vidhubala Bavikkara ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 30, 2019