രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത എംഎല്‍എയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

ജയ്പുര്‍: ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത എംഎല്‍എയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാന്‍ നിയമസഭയിലെ രണ്ട് എംഎല്‍എ.മാരില്‍ ഒരാളെയാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്. ഭദ്ര നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബല്‍വാന്‍ പൂനിയയെ ആണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഏഴുദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് പൂനിയക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ കെ.സി.വേണുഗോപാല്‍, നീരജ് ഡാംഗി എന്നിവരും ബി.ജെ.പി.യുടെ രാജേന്ദ്ര ഗെഹ്ലോത്തുമാണ് രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ജൂണ്‍ 19നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. രാജേന്ദ്ര ഗെഹ്ലോത്തിനെ കൂടാതെ ഓംകാര്‍ സിങ് ലഖാവത്തിനെയും ബി.ജെ.പി. മത്സരിച്ചിരുന്നു. ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാര്‍(ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗങ്ങള്‍ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാറില്ല) ചേര്‍ന്ന് സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ രീതിയിലാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

പാര്‍ട്ടി തന്നെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുവെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂനിയ പറഞ്ഞു. വിശദീകരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് തന്റെ പിന്തുണ തേടിയിരുന്നു. അതിനാലാണ് താന്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ നിയമസഭയിലെ 200 എം.എല്‍.എ.മാരില്‍ 198 പേരും വോട്ടെടുപ്പില്‍ പങ്കെടുത്തു. ഗിരിധര്‍ലാലിനെ കൂടാതെ കോണ്‍ഗ്രസിന്റെ ഭന്‍വര്‍ ലാല്‍ മേഘ്വാലാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്. ആശുപത്രിയിലായതിനെ തുടര്‍ന്നാണ് മേഘ്വാലിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നത്.

SHARE