ജി.എസ്.ടി: നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ വിമര്‍ശനത്തില്‍ മുങ്ങി ഐസക്ക്

ജി.എസ്.ടി കോണ്‍ഗ്രസ് കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്ക് കുറ്റബോധമെന്ന് ഐസക്ക്‌

തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെയും ധനമന്ത്രി തോമസ് ഐസക്കിനെതിരെയും നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ കടുത്ത വിമര്‍ശനം. നിയമസഭയില്‍ ജി.എസ്.ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ ചര്‍ച്ചക്കിടെയാണ് സി.പി.എം എം.എല്‍.എമാരായ എം. സ്വരാജ്, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരാണ് ഐസക്കിനെതിരെ വിമര്‍ശനവുമായി എത്തിയത്.

ജി.എസ്.ടിക്ക് പിന്നില്‍ സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടയാണെന്നും നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം വിശ്വസിക്കാന്‍ പറ്റുന്നതല്ലെന്നുമായിരുന്നു വിമര്‍ശം.

imagemaxresdefaultവിലകുറയാത്തത് എന്ത് കൊണ്ടെന്ന് ചോദിക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല, ഐസക്കിനെ പരിഹസിച്ച് സ്വരാജ് പറഞ്ഞു. നഷ്ടം നികത്തുന്നതടക്കമുള്ള വാഗ്ദ്ധാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും പാലിച്ചിട്ടുണ്ടോ, കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും വാഗ്ദാനം പാലിച്ച ചരിത്രമില്ലെന്നും സ്വരാജ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജി.എസ്.ടി. ഇന്ത്യയുടെ വൈവിധ്യത്തെ എതിര്‍ക്കുന്ന രീതിയാണ് ആര്‍.എസ്.എസിന്. ഇത് തിരിച്ചറിയാന്‍ കഴിയണം, സുരേഷ് കുറുപ്പ് ധനമന്ത്രിയെ കുറ്റപ്പെടുത്തി.

അതേസമയം പി.സി.ജോര്‍ജും ധനമന്ത്രിയെ കടന്നക്രമിച്ചു. മതഭ്രാന്തനായ നരേന്ദ്ര മോദിയേക്കാള്‍ ആവേശത്തിലാണ് തോമസ് ഐസക്ക് സംസ്ഥാനത്ത് ജി.എസ്.ടി നടപ്പിലാക്കുന്നതെന്നായിരുന്നു പൂഞ്ഞാര്‍ എം.എല്‍.എയുടെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഐസക്കിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞു.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് മൂന്ന് വിമര്‍ശനങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ചായിരുന്നു വിഷയത്തില്‍ തോമസ് ഐസക്കിന്റെ മറുപടി്. ജിഎസ്ടി വന്നത് കൊണ്ട് വിലകുറഞ്ഞില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലായിരുന്നു. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നുവെന്ന് അംഗീകരിക്കുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ വരുന്നതിന് മുമ്പേ ജി.എസ.്ടി ലോക്സഭ പാസാക്കിയിരുന്നുവെന്നും ഐസക്ക് വ്യക്തമാക്കി. അതേസമയം, ജി.എസ്.ടിയില്‍ നിലപാട് പാര്‍ട്ടി അംഗീകാരത്തോടെയാണ് എടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജി.എസ്.ടി കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. അന്ന് പരമാവധി പതിനെട്ട് ശതമാനമായിരുന്നു നികുതിയെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

അതേ സമയം ടി.വി. രാജേഷ് എംഎല്‍എയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഐസക്കിന് പിന്തുണയുമായെത്തി. സംസ്ഥാന താത്പര്യങ്ങളില്‍ സംരക്ഷിക്കാന്‍ ഏറ്റവും കുടുതല്‍ പോരാടിയ ധനമന്ത്രിമാരില്‍ ഒരാളാണ് ഐസക്കെന്ന് രാജേഷ് പറഞ്ഞു.