സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ക്യാമ്പസ് അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം നടത്തിയത്. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ബ്രിട്ടോ. എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 64 വയസ്സായിരുന്ന അദ്ദേഹം പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരില്‍ താമസിച്ചു വരികയായിരുന്നു. മാധ്യമപ്രവര്‍ത്തക സീന ഭാസ്‌കറാണ് ഭാര്യ.

എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിന്‍ റോഡ്രിഗസിന്റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലും ബീഹാറിലെ മിഥില സര്‍വ്വകലാശാലയിലുമായിരുന്നു.

രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ബ്രിട്ടോ തുറന്ന വിര്‍ശനങ്ങളിലൂടെയും വിയോജിപ്പുകളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റി. സിപിഎമ്മില്‍ ഉറച്ചുനില്‍ക്കുമ്പോളും സിപിഎം ആരോപണവിധേയരായ ടിപി ചന്ദ്രശേഖരന്‍ വധത്തെയടക്കം അപലപിച്ചു. മഹാരാജാസ് കോളേജില്‍ എതിര്‍ വിദ്യാര്‍ത്ഥി സംഘടനകളാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു, ബ്രിട്ടോയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസിലെ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തി ബ്രിട്ടോ പ്രകടിപ്പിച്ചിരുന്നു.

ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്‌കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായി. മകള്‍: കയനില